ചിൽഡ്രൺസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം; ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റി

0
59

കോഴിക്കോട് ചിൽഡ്രൺസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ഹോം സൂപ്രണ്ടിനെതിരേയും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയറിനുമെതിരേയും വകുപ്പുതല നടപടി സ്വീകരിച്ച് സർക്കാർ. നടപടിയുടെ ഭാ​ഗമായി ചിൽഡ്രൺസ് ഹോമിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാജോര്‍ജ് നിർദ്ദേശിച്ചിരുന്നു.

ജനുവരി 26ന് വൈകീട്ടാണ് വെള്ളിമാട്കുന്നിൽ പ്രവർത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ ആറ് പെൺകുട്ടികളെ കാണാതായതായുളള വിവരം പുറത്തുവരുന്നത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നായിരുന്നു വിവരം. പിന്നീട് ആറ് പെൺകുട്ടികളിൽ നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും രണ്ട് പെൺകുട്ടികളെ ബം​ഗ്ലൂരുവിൽ നിന്നും കണ്ടെത്തി. പെൺകുട്ടികൾക്ക് പണം നൽകി സഹായിച്ച കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ചിൽഡ്രൺസ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാൻ തീരുമാനിച്ചതിന് പിന്നിലെന്നും പെൺകുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. ചിൽഡ്രൺസ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികൾ പറയുന്നു. തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിരുന്നു.