മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്; ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച വരെ തുടരും

0
156

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു.

സുരക്ഷ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ല. സംപ്രേഷണം തുടരാന്‍ അനുമതി നല്‍കിയ ഇടക്കാല ഉത്തരവ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. സുരക്ഷ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചാല്‍ ഇതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രം വാദിച്ചു.

ജനുവരി 31ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് എഡിറ്റർ പ്രമോദ് രാമന്‍ വ്യക്തമാക്കിയത്.

പിന്നാലെ, ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയതെന്ന ചൂണ്ടിക്കാണിച്ച് മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രണ്ടു ദിവസത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.