ദിലീപിന്റെ ഫോണുകൾ ഫോറൻസിക് ലാബിൽ പരിശോധിക്കണം; അന്വേഷകസംഘം അപേക്ഷ സമർപ്പിച്ചു

0
29

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവായ ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷകസംഘം. കോടതി നേരിട്ട് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്കയക്കണം. ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.

 

ഫോണുകൾ തങ്ങളുടെ കയ്യിൽ വേണ്ടെന്ന്‌ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണം. ഇതിനെ ദിലീപും കേസിലെ മറ്റ് പ്രതികളും എതിർക്കില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ക്രൈംബ്രാഞ്ച് സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നൽകിയത്. മൊബൈൽ ഫോണുകളിലെ സംഭാഷണങ്ങളും ശബ്ദവും പരിശോധനക്ക് വിധേയമാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിയ്‌ക്ക് കൈമാറാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഫോൺ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിക്ക് നൽകാനും നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ദിലീപ് ഫോണുകൾ സമർപ്പിച്ചു. കോടതിയിൽ സമർപ്പിച്ച ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

അതേസമയം, ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്‌ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.