സാമ്പത്തിക ക്രമക്കേടും പടലപ്പിണക്കവും; ചെങ്ങന്നൂരിൽ ബിജെപി നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

0
48

സാമ്പത്തിക ക്രമക്കേടിനെത്തുടർന്നുള്ള തർക്കവും പടലപ്പിണക്കവും രൂക്ഷമായതോടെ ബിജെപി നേതാക്കൾ തെരുവിൽ പരസ്യമായി ഏറ്റുമുട്ടി. ചെങ്ങന്നൂരിലാണ് ബിജെപി സംസ്ഥാന നേതാവും ബിഎംഎസ് ജില്ലാ നേതാവും ആളുകൾക്ക് മുന്നിൽവെച്ച് തെരുവിൽ തമ്മിൽ തല്ലിയത്. ചെങ്ങന്നൂർ ക്ഷേത്രത്തിന്‌ മുന്നിലായിരുന്നു പൊരിഞ്ഞ അടി.

ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ബി കൃഷ്‌ണകുമാർ, ബിഎംഎസ് ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ പി കെ സുരേഷ് എന്നിവരാണ്‌ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്‌ മുന്നിൽ ഏറ്റുമുട്ടിയത്‌. കണ്ടുനിന്ന പ്രവർത്തകരാകട്ടെ ഇരുവരയെും പിടിച്ചുമാറ്റാൻ പോലും മെനക്കെട്ടില്ല.

നാളുകളായി ചെങ്ങന്നൂരിൽ ബിജെപിക്കുള്ളിൽ തുടരുന്ന പടലപ്പിണക്കങ്ങളാണ് തെരുവുയുദ്ധത്തിലെത്തിയത്. സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച പ്രശ്നങ്ങളുമുണ്ട്‌. ഉത്സവദിന ചടങ്ങുകൾക്കിടയിലും ഇവർ തമ്മിൽ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നാണ്‌ ഇരുവരും കിഴക്കേനട ജങ്ഷനിൽ ഏറ്റുമുട്ടിയത്. പ്രവർത്തകർ അടി ആസ്വദിച്ചു കണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചതോടെ നാട്ടുകാർ ഇടപെട്ട്‌ പിരിച്ചുവിടുകയായിരുന്നു.

പരിക്കേറ്റ ഇരുവരും ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂരിൽ ബിജെപിയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ശക്തമായ ശീതസമരം നിലനിൽക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ വിഷയം തീർപ്പാക്കാൻ പലതവണ ശ്രമിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനിടയിലാണ് സംസ്ഥാന, ജില്ലാ നേതാക്കൾ തെരുവിൽ പരസ്യമായി തമ്മിൽ തല്ലിയത്. ഇരുവരുടെയും പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.