2022-23 വർഷം എട്ടര ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാനാകുമെന്ന് ധനമന്ത്രി

0
162

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സർവേ സഭയിൽ വെച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സജ്ജമാണെന്നാണ് പറയുന്ന സർവേയിൽ വിവിധ മേഖലകളിലെ അവസ്ഥയും വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളും വിശദമായി പ്രതിപാദിക്കുന്നു. മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 9.2 വരെയാകുമെന്നും സാമ്പത്തിക സർവേയിൽ സൂചിപ്പിക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വേ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലും വ്യാപകമായ വാക്‌സിനേഷന്‍, നിയന്ത്രണം ലഘൂകരിക്കല്‍, കയറ്റുമതി രംഗത്തുണ്ടായ വളര്‍ച്ച മുതലായ ഘടകങ്ങള്‍ അനുകൂലമായെന്നും സര്‍വേ വിലയിരുത്തുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട വലിയ സമ്മര്‍ദ്ദം അടുത്ത വര്‍ഷം ഉണ്ടാകാനിടയില്ലെന്നാണ് പ്രതീക്ഷ. സമ്പദ് രംഗം കൊവിഡിന് മുന്‍പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കുക.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ പത്തുദിവസം മാത്രമാണ് പാർലമെന്റ് സമ്മേളിക്കുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11 ന് അവസാനിക്കും.