നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം. പിന്നാലെ അസംതൃപ്തരായ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിയ ബഹുഭൂരിഭാഗം പേർക്കും സീറ്റ് നൽകിയതാണ് നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്.
രോഷം കനത്തതോടെ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോഡി, മുഖ്യമന്ത്രി എന്‍ ബിരണ്‍സിംഗ് എന്നിവരുടെ കോലം കത്തിച്ചു. പലയിടങ്ങളിലും ബിജെപി ഓഫിസുകൾ പ്രവർത്തകർ തകർത്തു. പ്ലക്കാര്‍ഡുമേന്തി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്തു. ഇംഫാലിലെ സംസ്ഥാന പാര്‍ട്ടി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സീറ്റ് ലഭിക്കാത്തവരും അവരുടെ അനുയായികളും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
നിരവധി പേര്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധക്കാരായ ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു.
ബി ജെ പിയില്‍ ചേര്‍ന്ന പത്ത് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത്.
ബിജെപി വിട്ടുപോകാതിരിക്കാനാണ് ഈ നീക്കമെന്നാണ് കേന്ദ്രനേതാക്കൾ പറയുന്നത്. എന്നാൽ, വർഷങ്ങളായി പ്രവർത്തിക്കുന്ന നേതാക്കളെ നോക്കുകുത്തിയാക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബിജെപി പ്രവർത്തകർ ചൂണ്ടികാട്ടുന്നത്.