നൃത്തം ചെയ്തതിന് പ്രതിശ്രുത വരൻ കരണത്തടിച്ചു ; അടുത്തദിവസം യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

0
26

വിവാഹത്തലേന്ന് നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു . സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി . കടലൂർ ജില്ലയിലെ പൻരുട്ടിയിലാണ് കേസിനാസ്പദ സംഭവം നടന്നത് . ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പൻരുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ് അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത് . പൻരുട്ടിയിൽ വിവാഹ സൽക്കാരവും അടുത്ത ദിവസം രാവിലെ കടമ്പുലിയൂരിൽ താലികെട്ടും നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത് .

വിവാഹ സൽക്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഡി.ജെ പാർട്ടിയിൽ ബന്ധുവായ യുവാവ് വധുവിന്റെ തോളിൽ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ കുപിതനാക്കിയത് . പ്രകോപിതനായ വരൻ പരസ്യമായി വധുവിന്റെ കരണത്തടിക്കുകയായിരുന്നു . ഇതോടെ വധുവരൻമാരുടെ വീട്ടുകാർ തമ്മിൽ വാക് തർക്കവും ബഹളവും അരങ്ങേറി . തുടർന്ന് അടുത്തദിവസം രാവിലെ വധുവിന്റെ വീട്ടുകാർ അകന്ന ബന്ധുവായ യുവാവിനെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു . വിവാഹത്തിന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ കുടുംബാംഗങ്ങൾ പനരുട്ടി പൊലീസിൽ പരാതി നൽകി . വധുവി ന്റെ കരണത്തടിച്ച യുവാവിനെതിരെയും പൊലീസിൽ പരാതിയുണ്ട് .