കോടിയേരിയുടെ ചോദ്യം കുറിക്ക് കൊണ്ടു; തമ്മിൽ തല്ലി ഏഷ്യാനെറ്റ് – മീഡിയ വൺ റിപ്പോർട്ടർമാർ

0
19

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ അടി. ഈ വാർത്ത ബ്രേക്കിംഗ് ആകുമെന്നും തുടരൻ ചർച്ചകൾ ഉണ്ടാകുമെന്നും കരുതി ടി വി തുറക്കേണ്ടതില്ല. വിവരം ആദ്യം അറിഞ്ഞയുടൻ സ്ക്രോളും ബ്രെക്കിങ്ങ് തലക്കെട്ടും ഒക്കെ തയ്യാറാക്കിയെങ്കിലും സിപിഐ എം വിരുദ്ധരായ സഹജീവികൾ തമ്മിലാണെന്ന് അറിഞ്ഞതോടെ ഡെസ്കിൽ സിംഹങ്ങളും പത്തി മടക്കി. 23-ആം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിൽ ചാനൽ ലേഖകർ തമ്മിൽ പൊരിഞ്ഞ തല്ല്. ബുധനാഴ്ചയാണ് പൂരപ്പാട്ടും പിന്നെ പരസ്യ ഏറ്റുമുട്ടലും ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫലും മീഡിയ വൺ റിപ്പോർട്ടർ സുനിൽ ഐസക്കും തമ്മിലാണ് അടി. പരസ്പരം പുരപ്പാട്ടിന് ശേഷമാണ് അടി നടന്നത്. സ്ഥലത്തുണ്ടായിരുന്ന സി പി ഐ എം പ്രവർത്തകർ ഇടപെട്ടതിനാൽ രണ്ട് പേർക്കും കാര്യമായ പരിക്കില്ല.
സംഗതിയും സംഭവവികാസങ്ങളും ഇങ്ങനെ.
ഇന്നലെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘാടകസമിതി ഓഫീസ് തുറന്നത്. സാമാന്യം നല്ല പ്രസംഗം നടത്തിയെങ്കിലും തങ്ങൾക്ക് വേണ്ടത് കിട്ടാത്തതു കൊണ്ട് കോടിയേരിക്ക് മുന്നിൽ മൈക്ക് പിടിച്ചു.
കോൺഗ്രസ് ദേശീയ തലത്തിൽ തുടരുന്ന വർഗീയത, കേരളത്തിലെ അവരുടെ ചുവട് മാറ്റം എന്നിവ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്തു.
എന്നാലും ചാനൽ സിംഹങ്ങൾക്ക് ചൊറിച്ചിൽ മാറിയില്ല.
അടുത്ത ചോദ്യം സുനിൽ ഐസക്ക് വക. പാർട്ടി കോൺഗ്രസ് മാറ്റിവെക്കുമോ? അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് കോടിയേരിയുടെ മറുപടി.
അതല്ല, ഒരു ചാനലിൽ ബ്രേക്കിംഗ് പോകുന്നുണ്ടെന്ന് ഐസക്. എത് ചാനമെന്ന് കോടിയേരി. ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.
ഏഷ്യാനെറ്റ് ന്യൂസുകാർ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ കൂട്ടച്ചിരി. തുടർന്ന് ഇ പി ജയരാജൻ ഉൾപ്പെടെയുള്ളവരുടെ പരിഹാസം. നിങ്ങളുടെ എല്ലാ വാർത്തയും ഇങ്ങനെയാണല്ലൊ.. തുടങ്ങിയ കമൻ്റുകൾ കൂടി ആയതോടെ റിപ്പോർട്ടറുടെ തൊലിയുരിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസുകാർക്കിത് സഹിക്കുമോ? ഇന്നലെ രാത്രി മുഴുവൻ തല പുകച്ച് ആലോചിച്ചു.
അതേ വേദിയിൽ മറുപടി കൊടുക്കാൻ തീരുമാനിച്ചു. ഇന്ന് പാർടി കോൺഗ്രസ് ലോഗോ പ്രകാശനമായിരുന്നു. അതും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെയാണ് നൗഫൽ സുനിൽ ഐസക്കിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതും തുടർന്നുണ്ടായ അസഭ്യവർഷവും അടിപിടിയും.
അനിഷ്ട സംഭവങ്ങൾ ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് പാർട്ടി പ്രവർത്തകർ. അല്ലെങ്കിൽ അതും സി പി ഐ എമ്മിൻ്റെ തലയിൽ കെട്ടിവെച്ച് രണ്ട് കുട്ടരും മറ്റുള്ളവരും ആഘോഷിച്ചേനെ.
ഇനി ഈ പത്രക്കാർക്ക് വേണേൽ പൊലീസിനെതിരെ തിരിയാം. അടി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും മുൻകരുതൽ എടുക്കാതെ ഇന്റലിജൻസ്. ആഭ്യന്തരമന്ത്രി രാജി വെക്കണം എന്നൊക്കെ ഒരു ചർച്ചക്കുള്ള സ്കോപ്പുണ്ട്. പിന്നെ ക്രൈം ബീറ്റ്, എഫ് ഐ ആർ എന്നിവയിൽ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ വാട്ടർമാർക്കിട്ട് പൂശാനും പറ്റും.
സിപിഐ എമ്മിനെ തകർക്കാൻ ആരാണ് മുന്നിൽ എന്ന തർക്കമാണ് മൂത്ത് അടിപിടിയിലും അസഭ്യവർഷത്തിലും എത്തിയത്.