ഫാറൂഖ് കോളേജിന്റേതുള്‍പ്പടെ രണ്ട് ലക്ഷം കോടിയുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു, പിടിഎ റഹീമും ഐഎന്‍എല്ലും സമരത്തിലേക്ക്

0
32

 

സംസ്ഥാനത്തെ വിവിധയിടങ്ങളിലായി രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. ഫാറൂഖ് കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം, നന്തി ദാറുസ്സലാം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്ക് കീഴിലുണ്ടായിരുന്ന സ്വത്തുക്കളാണ് അന്യാധീനപ്പെട്ടതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവയുടെ യഥാര്‍ത്ഥ മൂല്യം ഇതുവരെ കണക്കാക്കാന്‍ പോലും വഖഫ് ബോര്‍ഡിനായിട്ടില്ല. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം മൂല്യമുണ്ടാകുമെന്നാണ്
കണക്കാക്കുന്നത്.
കുറ്റിക്കാട്ടൂര്‍ യത്തീംഖാന, നന്ദിദാറുസ്സലാം, പട്ടിക്കാട് ജാമിഅ നൂരിയ്യ, ഫാറൂഖ് കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്വത്തുക്കളാണ് അന്യാധീനപ്പെട്ടിട്ടുള്ളത്. അതെല്ലാം ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകളാണ് തട്ടിയെടുത്തിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വഖഫ് ഭൂമി പ്രശ്‌നം സര്‍ക്കാറിന്റെ മാത്രം വിഷയമല്ല. അത് പൊതു സമൂഹത്തിന്റേത് കൂടിയാണ്. നിലവിലെ വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരെ വെച്ച് വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കുറ്റിക്കാട്ടൂര്‍ യത്തീംഖാനയുടെ തന്നെ വിഷയം പരിശോധിച്ചാല്‍ മനസ്സിലാകും 25 വര്‍ഷമായി വഖഫ് ബോര്‍ഡ് അംഗമായി തുടരുന്ന ആളിന്റെ ബന്ധുവിനാണ് അവിടെ ഭൂമി മറിച്ചു നല്‍കിയിട്ടുള്ളത്. തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക പിരിക്കുന്നത് മുസ്‌ലിംലിഗീന്റെ പ്രാദേശിക ഘടകങ്ങളുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ്. കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളിലുള്ള വഖഫ് സ്വത്തുക്കളുടെ വാടക ഇപ്പോഴും മൂന്നും അഞ്ചും രൂപയുമെല്ലാമാണ്. ഇതെല്ലാം കണ്ടെത്തി നടപടിയെടുക്കുകയും ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതുമുണ്ട്. സര്‍ക്കാര്‍ അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പതിനൊന്നായിരം ഏക്കര്‍ ഭൂമി അന്യാധിനപ്പെട്ടതായാണ് കണക്കാക്കുന്നത്. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് വഖഫ് ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ പരാതികള്‍ പരിഹരിക്കാന്‍ നിലവിലെ ഉദ്യോഗസ്ഥരെ വെച്ച് സാധിക്കില്ല. അത് കൊണ്ടുകൂടിയാണ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള ഈ നീക്കം തടയുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്തുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. പി ടി എ റഹീം എംഎല്‍എ, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.