സിൽവർ ലൈൻ : കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

0
28

സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കോടതിയെ ഇരുട്ടിൽ നിർത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തിടുക്കം കാട്ടരുതെന്ന്‌ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. സർവേ തുടരാം. ചട്ടപ്രകാരമേ സർവേക്കല്ലുകൾ സ്ഥാപിക്കാവൂ എന്നും കോടതി ആവർത്തിച്ചു. സ്ഥലം ഏറ്റെടുക്കലും സർവേയും ചോദ്യം ചെയ്തുള്ള ഭൂവുടമകളുടെഹർജിയാണ് കോടതി പരിഗണിച്ചത്. പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാർ വിശദീകരിക്കണം. എല്ലാ കാര്യത്തിലും തുറന്ന സമീപനമുണ്ടാകണം. സർവേ സർക്കാരിന്റെ വിവേചനാധികാരമാണ്. തടയാനാകില്ല. കെ–- റെയിൽ സംസ്ഥാനം ഇതുവരെ നടപ്പാക്കിയതിൽ ഏറ്റവും വലിയ പദ്ധതിയാണ്. വലിയ കല്ലുകൾ സ്ഥാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് നടപ്പാക്കൽ. നിയമപ്രകാരമേ മുന്നോട്ട് പോകാനാകൂ.

നിയമവിരുദ്ധമായി ഇട്ടിരിക്കുന്ന കല്ലുകൾ മാറ്റാൻ എന്ത് നടപടിയെടുക്കുമെന്ന്‌ റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ വ്യക്തമാക്കണം. 2384 പോസ്റ്റുകൾ സ്ഥാപിച്ചതായും സർവേ ചട്ടപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കുന്നതെന്നും കോർപറേഷൻ അറിയിച്ചു. നിയമപരമായാണ് പോസ്റ്റുകൾ ഇടുന്നതെന്ന് സർക്കാരും അറിയിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹാജരാകാനും കോടതി ഉത്തരവിട്ടു. കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും