തെലങ്കാനയില്‍ വിഗ്രഹത്തിന് കീഴില്‍ യുവാവിന്റെ വെട്ടിയെടുത്ത തല; നരബലിയെന്ന് സംശയം

0
42

തെലങ്കാനയില്‍ നാല്‍ഗൊണ്ട ജില്ലയിലെ കാളിക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ നിന്ന് യുവാവിന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. കാളിക്ഷേത്രമായതിനാലും വിഗ്രഹത്തിന്റെ കാല്‍ക്കല്‍ തല കൊണ്ടുവെച്ച രീതി കാരണത്താലും സംഭവം നരബലിയാണെന്നാണ് സംശിക്കപ്പെടുന്നത്. അമ്പലത്തിലെ പ്രധാന പൂജാരിയാണ് വിഗ്രഹത്തിന് കീഴില്‍ വെട്ടിയെടുത്ത തല കൊണ്ടുവെച്ചത് ആദ്യം കാണുന്നത്. ഇയാള്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവാവിന് 30 വയസ് പ്രായമുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മറ്റേതെങ്കിലും സ്ഥലത്ത് നിന്നും കൊലപ്പെടുത്തി തല വിഗ്രഹത്തിന് ചുവട്ടില്‍ കൊണ്ടുവെച്ചതാവാമെന്നാണ് ദേവര്‍കൊണ്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറയുന്നത്.

എല്ലാ തരത്തിലുമുള്ള അന്വേഷണവും നടത്തുന്നുണ്ടെന്നും, കേസ് അന്വേഷിക്കുന്നതിനായി എട്ട് പേരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്നിരിക്കുന്നത് നരബലി തന്നെയാണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. സംഭവം നടന്നിരിക്കുന്നത് ആരാധനാലയത്തിന് സമീപത്തായതിനാല്‍ അത്തരത്തിലുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും, അന്വേഷണം എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു. എപ്പോഴാണ് തല വിഗ്രഹത്തിന് കാല്‍ക്കല്‍ കൊണ്ടുവെച്ചത്, എത്ര പേര്‍ചേര്‍ന്നാണ് ഇത് ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനായി സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.