കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം

0
58

2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 36 ലക്ഷം രൂപ അനുവദിച്ചു. കുടുംബം ഒന്നിന് ആറ് ലക്ഷം രൂപ വീതമാണ് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി നല്‍കുക.

കവളപ്പാറയ്ക്ക് സമീപമുള്ള വഴിക്കടവ് വില്ലേജില്‍ വെള്ളക്കട്ടെ എന്ന പ്രദേശത്തെ അപകട ഭീഷണിയുള്ള ആറ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക.

അപകട ഭീഷണിയുള്ള സ്ഥലത്തു നിന്ന് ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ പ്രളയത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പുഴ ഗതിമാറി ഒഴികയതിനെ തുടര്‍ന്ന വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റി പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തവര്‍ ഉള്‍പ്പെടെയുള്ള 462 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ച് വിതരണം ചെയ്തിരുന്നു.