ഡിസിസി വൈസ് പ്രസിഡണ്ടിന്റെ തോക്ക് പിടികൂടിയ സംഭവം; ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും

0
52

വിമാനത്താവളത്തിൽ തോക്കുമായി എത്തിയ സംഭവത്തിൽ ജയിലിലായ പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ട് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. ഇന്നലെ രാത്രി കോയമ്പത്തൂർ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ തങ്ങളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്‌.

അമൃത്‌സർ യാത്രക്കിടെ ഇന്നലെ പുലർച്ചെയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് കെഎസ്ബിഎ തങ്ങൾ തോക്കുമായി പിടിയിലായത്. കോയമ്പത്തൂർ പീളെ മേട് പോലീസാണ് തങ്ങളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം.

തോക്കും ഏഴു തിരകളുമാണ് കോൺഗ്രസ് നേതാവിന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല. തുടർന്ന് സിഐഎസ്എഫ് തങ്ങളെ പിളെ മേട് പോലീസിന് കൈമാറുകയായിരുന്നു. കോയമ്പത്തൂർ ഈസ്‌റ്റ് അസിസ്‌റ്റന്റ് കമ്മീഷണർ അരുണിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തശേഷം വൈകിട്ടോടെയാണ് തങ്ങളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രാത്രിയോടെ കോയമ്പത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ കെഎസ്ബിഎ തങ്ങളെ ഹാജരാക്കുകയായിരുന്നു. നിലവിൽ പൊള്ളാച്ചി സബ് ജയിലിലാണ് തങ്ങൾ ഉള്ളത്.