വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഫീച്ചർ വരുന്നു. ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിക്കുന്ന തരത്തിലുള്ള പരിഷ്കരണമാണ് വരുന്നത്. നിലവിൽ ഗ്രൂപ്പിൽ ഒരു മെസേജ് പോസ്റ്റ് ചെയ്താൽ ആ വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലെ എല്ലാവർക്കും കാണാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാനാകുക.
അനുഗുണമല്ലാത്ത എന്തെങ്കിലും പോസ്റ്റ് ചെയ്താൽ മിക്കവരും അറിയാതെ നിമിഷങ്ങൾക്കുള്ളിൽ മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് സാധിക്കും. ഗ്രൂപ്പ് അഡ്മിൻ കണ്ടില്ലെങ്കിലും വിളിച്ച് അറിയിച്ചും പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാം. വാബീറ്റാഇൻഫോ യുടെ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ പുതിയ 2.22.1.1 പതിപ്പിൽ ഇത് ലഭ്യമാകും.
സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ‘അത് അഡ്‌മിൻ നീക്കം ചെയ്‌തതാണ്’ എന്ന സന്ദേശം ഗ്രൂപ്പിൽ കാണിക്കുകയും ചെയ്യും. ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും.