ഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണ് ; കോടിയേരി ബാലകൃഷ്ണന്‍

0
68

അധികാരം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.‘സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണ്,’ കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന്റെ മാത്രം സര്‍ക്കാരല്ല. എല്ലാവരുടെയും സര്‍ക്കാരാണ്. അതുകൊണ്ട്, എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. ‘സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും, അവര്‍ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നില്‍ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്,’ കോടിയേരി പറഞ്ഞു.

അതേസമയം സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ഇല്ലായ്മ ചെയ്യുന്ന ശത്രുചേരിയുടെ അക്രമരാഷ്ട്രീയം തുടരുകയാണെന്ന് തിരുവല്ല സന്ദീപ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു. ‘കൊല നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതരുത്. കൊലയ്ക്ക് പകരം കൊലയെന്നത് സി.പി.ഐ.എമ്മിന്റെ നയമല്ല. ആര്‍.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായും സമാധാനപരമായും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം,’ കോടിയേരി പറഞ്ഞു.