സന്ദീപ് വധക്കേസ് പ്രതികള്‍ക്കെതിരെ പുതിയ കേസ്, അന്വേഷണം ഊർജിതമാക്കി പൊലീസ്

0
41

സിപിഐ എം പെരിങ്ങര ലോക്കല്‍സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലാണ് ഹരിപ്പാട് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സന്ദീപിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയും യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ക്കെതിരെയാണ് കേസ്. അരുണിനെ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം ഒരു ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഈ സംഭവത്തിലാണ് പുതിയ കേസെടുത്തത്.

പ്രതികളുടെ സുഹൃത്തായ രതീഷും അരുണും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ് രതീഷും അരുണും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയിൽ രതീഷിന്റെ ബൈക്ക് അരുൺ കത്തിച്ചു. ഇതിന്റെ വിരോധത്തിൽ രതീഷിന് വേണ്ടി അരുണിനെ തട്ടികൊണ്ടുപോകാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് ജിഷ്ണു ആയിരുന്നു. അരുണിനെ തട്ടിക്കൊണ്ടുപോയശേഷം ഭീഷണിപ്പെടുത്തി.

പിന്നീട് അരുണിന്റെ ബൈക്ക് രതീഷിന്റെ പേരില്‍ എഴുതികൊടുക്കാന്‍ ജിഷ്ണുവും സംഘവും ആവശ്യപ്പെട്ടു. ഇത് അരുൺ സമ്മതിച്ചില്ല. തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് ഇവര്‍ അരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. സന്ദീപിന്റെ കൊലപാതകശേഷം ഒരു പ്രതിയെ ഇതേ ലോഡ്ജിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഈ സമയത്താണ് അരുണിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.