സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു

0
67

സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ അറിയിച്ചു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്‌താൽ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേൽ വെളിപ്പെടുത്തൽ. ഒമിക്രോൺ ഭീഷണിയിൽ ആഗോള വിപണിയിൽ തകർച്ച തുടരുകയാണ്. അമേരിക്കയിലും
യൂറോപ്പിലും ഓഹരി വിപണിയിൽ വൻ തകർച്ച ഉണ്ടായി. ക്രൂഡ് വിലയിൽ സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.

അതേസമയം ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന പരിശോധന നടക്കുകയാണ്. പുതിയ വകഭേദ വ്യാപനത്തിന് ഏറ്റവും സാധ്യത അന്താരാഷ്ട്ര യാത്രകളാണെന്നതിനാല്‍ പഴുതടച്ചുള്ള പരിശോധനയാണ് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടക്കുന്നത്. രാവിലെ 10 മണിവരെ 1013 യാത്രക്കാരെ പരിശോധിച്ചതായി ദില്ലി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ന്യൂസിലന്‍ഡ്, സിംബാബ്വേയടക്കം 11 രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെയാണ് അറ്റ് റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന അഞ്ച് ശതമാനം പേരെയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പൊസിറ്റീവാകുന്നവരുടെ സ്രവം ജനിതക ശ്രേണീകരണം നടത്തുന്നതിനൊപ്പം നെഗറ്റീവാകുന്നവരെ 14 ദിവസം വരെ നിരീക്ഷിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുെട സ്രവം മാത്രമല്ല കൊവിഡ് വ്യാപനം തീവ്രമാകുന്ന പ്രദേശങ്ങളിലെ പൊസിറ്റീവ് സാമ്പികളുകളുടെയും ജനിതക ശ്രേണീകരണം നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുക്കുയാണ്