Wednesday
17 December 2025
30.8 C
Kerala
HomeHealthനോറോ വൈറസ്; തൃശൂരിലെ കോളേജ് ഹോസ്‌റ്റലിൽ സ്‌ഥിരീകരിച്ചു

നോറോ വൈറസ്; തൃശൂരിലെ കോളേജ് ഹോസ്‌റ്റലിൽ സ്‌ഥിരീകരിച്ചു

ജില്ലയിലെ സെന്റ് മേരീസ് കോളേജ് ഹോസ്‌റ്റലിൽ നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. 54 വിദ്യാർഥികൾക്കും 3 ജീവനക്കാർക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ ആകെ 240 വിദ്യാർഥികളും 15 ജീവനക്കാരുമാണ് താമസിക്കുന്നത്.

രോഗബാധ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്‌റ്റലിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്. സ്‌ഥാപനത്തിന്റെ ശുചിത്വം, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവയാണ് സംഘം പരിശോധന നടത്തി വിലയിരുത്തിയത്.

എന്താണ് നോറോ വൈറസ്? പ്രതിരോധം എങ്ങനെ?

കാലിസിവിരിഡി കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. അമേരിക്കയിലെ ഓഹിയോയിലെ നോര്‍വാക്കിലെ സ്‌കൂളില്‍ 1972ലുണ്ടായ നോര്‍വാര്‍ക്ക് പകര്‍ച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോ വൈറസ് എന്ന പേര് ലഭിച്ചത്. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണു നോറോ. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അണുബാധയുണ്ടാവാം.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദ്ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധയുണ്ടാവാം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുള്ള കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് അണുബാധ കാരണമാകും.

ഒന്നു മുതല്‍ മൂന്നുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാമെങ്കിലും തുടര്‍ന്നുള്ള രണ്ടു ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. രോഗബാധിതരുടെ ശ്രവങ്ങള്‍ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കും. അവിടങ്ങളില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്കു വൈറസ് പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.

ലക്ഷണങ്ങള്‍

ഛര്‍ദ്ദി, മനംപുരട്ടല്‍, വയറിളക്കം, വയറുവേദന, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണു രോഗലക്ഷണങ്ങള്‍. വൈറസ് ശരീരത്തില്‍ കടന്ന് രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും.

നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നോ വാക്‌സിനോ നിലവിലില്ല. അതിനാല്‍ നിര്‍ജലീകരണം തടയുകയാണു പ്രധാന മാര്‍ഗം. മിക്ക ആളുകൾക്കും ചികിത്സയില്ലാതെ തന്നെ അസുഖം പൂര്‍ണമായും മാറും. എന്നാല്‍ ചിലരില്‍, പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍ എന്നിവരില്‍ ഛര്‍ദ്ദി, വയറിളക്കം എന്നിവ അധികമായാല്‍ നിര്‍ജലീകരണം മൂലം ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ട്. അതിനാൽ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം.

മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്‍, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണു നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

പ്രതിരോധം എങ്ങനെ?

കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ് നോറോ വൈറസ്. വ്യക്തിശുചിത്വം പ്രധാനമാണ്. ആഹാരത്തിനു മുന്‍പും ടോയ്‌ലറ്റില്‍ പോയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡെങ്കിലും നന്നായി കഴുകണം. കിണര്‍, മറ്റു കുടിവെള്ള സ്രോതസുകള്‍, വെള്ളം ശേഖരിയ്ക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വൃക്തിശുചിത്വത്തിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും പലതവണ കഴുകി വേണം ഉപയോഗിക്കാന്‍. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. കടല്‍ മത്സ്യങ്ങൾ, ഞണ്ട്, കക്ക തുടങ്ങിയവ നന്നായി പാകം ചെയ്തു മാത്രമേ കഴിക്കാവൂ.

വൈറസ് ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ മാറിയാലും തുടര്‍ന്നുള്ള രണ്ടു ദിവസം വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ അത്രയും ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി വിശ്രമിക്കുകയും ഒ ആര്‍ എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കുകയും ചെയ്യണം. രോഗികള്‍ മറ്റുള്ളവര്‍ക്കു ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

RELATED ARTICLES

Most Popular

Recent Comments