എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച്‌ സമരഭൂമിയില്‍ ഉറച്ചു നിന്ന കര്‍ഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു; മുഖ്യമന്ത്രി

0
93

എന്തും ത്യജിക്കാൻ സന്നദ്ധരായി, എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് സമരഭൂമിയിൽ ഉറച്ചു നിന്ന കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. തൊണ്ണൂറുകളിൽ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യൻ കാർഷിക മേഖല കടുത്ത അരക്ഷിതാവസ്ഥയിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്. ലക്ഷക്കണക്കിനു കർഷകരാണ് മൂന്നു ദശകങ്ങൾക്കിടയിൽ ആത്‌മഹത്യ ചെയ്തത്. ഈ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിന്ന കോൺഗ്രസ്സിന്റെ നയങ്ങളെ തിരുത്തിയില്ല എന്നു മാത്രമല്ല, അവ കൂടുതൽ തീവ്രമായി നടപ്പാക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് കർഷകരെ കൂടുതൽ ദയനീയാവസ്ഥയിലേയ്ക്ക് തള്ളി വിടുന്ന കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പാർലമെൻ്റിൽ പാസ്സാക്കിയത്.

തങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കുന്ന നിയമങ്ങൾക്കെതിരെ ഇന്ത്യയിലെ കർഷക സമൂഹം സട കുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഏകദേശം ഒരു വർഷം നീണ്ട സമരത്തിൻ്റെ ഭാഗമായി എഴുനൂറോളം പ്രക്ഷോഭകരാണ് രക്തസാക്ഷികളായത്. അവരുടെ രക്തസാക്ഷിത്വം വെറുതെയായില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പു നൽകേണ്ടിവന്നത് ആ കർഷകരുടെ ശബ്ദവും വികാരവും രാജ്യമാകെ ഏറ്റെടുക്കുകയും അതൊരു കൊടുങ്കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്.

വർഗീയവാദത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തി മുതലാളിത്ത അജണ്ടകൾ നടപ്പാക്കുക എന്ന സംഘപരിവാർ തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് കർഷകരുടെ വിജയം. വർഗ സമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണിത്. സമരത്തിൽ തുടക്കം മുതൽ നേതൃപരമായ പങ്കാണ് അഖിലേന്ത്യാ കിസാൻ സഭ വഹിച്ചത്. അത്തരത്തിൽ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തിന് അടിവരയിടുന്ന ഒരു സന്ദർഭം കൂടിയായി കർഷക സമരത്തിൻ്റെ വിജയം മാറിയിരിക്കുന്നു. സമത്വവും സാഹോദര്യവും കളിയാടുന്ന ലോകമെന്ന സ്വപ്നം മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനുള്ള ഊർജ്ജം ഈ സമരം ഇന്ത്യൻ ജനതയ്ക്ക് സമ്മാനിക്കുകയാണ്.