മോഡലുകളുടെ മരണം; ആറുപ്രതികൾക്കും ജാമ്യം അനുവദിച്ചു

0
29

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി അറസ്റ്റിലായ ആറുപ്രതികൾക്കും ജാമ്യം ലഭിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാറ്റിനും ജീവനക്കാർക്കുമാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് റോയി വയലാറ്റിൻ മനപൂർവം ഒളിച്ചുവച്ചതാണെന്നടക്കമുള്ള വാദങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.

ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. ഹാർഡ് ഡിസ്‌കും മോഡലുകളുടെ മരണവുമായി എങ്ങനെയാണ് ബന്ധപ്പെടുത്തുന്നതെന്ന് പ്രതിഭാഗം ചോദിച്ചു. ഇതിനുള്ള ഉത്തരം പ്രോസിക്യൂഷൻ വ്യക്തമായി നൽകാത്തതും ജാമ്യം ലഭിക്കുന്നതിൽ അനുകൂലമായി. ഇന്നലെയാണ് പ്രതികൾ അറസ്റ്റിലാകുന്നത്.

പൊലീസ് ചോദ്യംചെയ്യലിനിടെ ഭയപ്പെടുത്തിയെന്ന് ഹോട്ടൽ ജീവനക്കാർ കോടതിയിൽ പറഞ്ഞു. പൊലീസ് കേസ് തിരക്കഥയാണെന്നും കാർ ഓടിച്ച ഒന്നാം പ്രതി അബ്ദുൾ റഹ്മാനെ സഹായിക്കാനാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. നമ്പർ 18 ഹോട്ടലിൽ നിന്ന് അറസ്റ്റിലായ ജീവനക്കാരെ ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്. മെഡിക്കൽ കോളജിൽ ചികിത്സയിലയിലുള്ള ഹോട്ടലുടമ റോയിയെ കോടതിയിൽ എത്തിച്ചില്ല. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജു കോടതിയിൽ പറഞ്ഞു. ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.

തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം. മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനാണെന്ന് ഹോട്ടലുടമ റോയ് വയലാറ്റിൽ നേരത്തെ മൊഴി നൽകിയിരുന്നു. അതേസമയം മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി.ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.