കാലാവസ്ഥാ നിരീക്ഷകരെ കുഴപ്പിച്ച് ന്യൂനമർദങ്ങൾ; പകലും തകർത്ത് പെയ്ത് മഴ

0
27

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം. മൂന്നു നദികളിലും രാത്രിയോടെ ജലനിരപ്പ് ഉയരുമെങ്കിലും രാവിലെ കുറഞ്ഞേക്കും. കുട്ടനാട് മേഖലയിൽ നേരിയ പ്രളയഭീഷണി തുടരും.

തീവ്രമഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന വിവിധ ജില്ലകൾക്ക് ആശ്വാസം പകരുന്നു. ഞായറാഴ്ചത്തെ ഓറഞ്ച് അലർട്ട് പത്തനംതിട്ട ഉൾപ്പെടെ തെക്കൻ ജില്ലകളിൽ യെലോ അലർട്ടാക്കി കുറച്ചിട്ടുണ്ട്. ശക്തി കുറഞ്ഞ മഴ ഇടയ്ക്കു പെയ്യാനുള്ള സാധ്യതയാണ് യെലോ അലർട്ട്.
ശനി രാത്രി മുതൽ ഞായർ വൈകിട്ട് വരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ലഭിച്ച മഴയാണ് മധ്യതിരുവിതാംകൂറിനെ വീണ്ടും പ്രളയഭീതിയിലാക്കിയത്. കോന്നിയിൽ 14 സെന്റിമീറ്ററും അയിരൂരിൽ 7 സെന്റിമീറ്ററും കാഞ്ഞിരപ്പള്ളിയിൽ 13 സെന്റിമീറ്ററും പീരുമേട്ടിൽ 8 സെന്റിമീറ്ററും രേഖപ്പെടുത്തി. പതിവുരീതി വിട്ട് പകലും മഴ തകർത്തുപെയ്തതോടെ ഇടനാടൻ പ്രദേശങ്ങളിലെ തോടുകൾ കവിഞ്ഞ് പലയിടത്തും മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടു.

∙ തലങ്ങും വിലങ്ങും ന്യൂനമർദം

ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കാലാവസ്ഥാ നിരീക്ഷകരെപ്പോലും കുഴയ്ക്കുകയാണ്. ഇതുമൂലം പ്രവചനങ്ങളുടെ കൃത്യതയും കുറയുന്നു. രണ്ടു കടലുകളിലുമായി 2 ന്യൂനമർദമേഖലകളാണ് നിലവിൽ മഴപ്പാത്തികളെ സജീവമാക്കുന്നത്.
അറബിക്കടലിൽ ഗോവ തീരത്തോടു ചേർന്ന് 17നു രൂപപ്പെടാൻ പോകുന്ന ന്യൂനമർദമാണ് ഇതിൽ ഒന്ന്. ഇപ്പോൾ ബംഗാ‍ൾ ഉൾക്കടലിലെ ആൻഡമാൻ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമർദമാണ് രണ്ടാമത്തേത്.  ഈ രണ്ടു ന്യൂനമർദങ്ങളിലേക്കും മേഘങ്ങൾ പരസ്പരം ആകർഷിക്കപ്പെടും. ഈ മേഘപ്പകർച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂർണമായും മഴയിൽ മുക്കിയതെന്നു നിരീക്ഷകർ പറയുന്നു.
ഗോവ തീരത്തെ ന്യൂനമർദം ശക്തിപ്പെടുന്നതിനാ‍ൽ ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുക. എന്നാലും തെക്കൻ–മധ്യ കേരളത്തിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. രാത്രിയിലും പുലർച്ചെയുമാവും കൂടുതൽ. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു.
അതേസമയം ആൻഡമാൻ കടലിലെ ന്യൂനമർദം തായ്‌ലൻഡ് കടലിൽ നിന്നുള്ള നീരാവി കൂടി വലിച്ചെടുത്ത് തീവ്ര ന്യൂനമർദമാകും. ഇതിന്റെ പ്രഭാവം നേരിയ തോതിൽ കേരളത്തിലും അനുഭവപ്പെടും. എന്നാലും അത് പ്രളയത്തിലേക്കു നയിക്കുകയില്ലെന്ന് കൊച്ചി സർവകലാശാലാ റഡാർ കേന്ദ്രത്തിലെ ഡോ. എം.ജി.മനോജ് പറഞ്ഞു.