സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവതന്നെ ശരിയല്ല; കേന്ദ്രം ഭരണഘടന ലംഘിക്കുന്നു: ധനമന്ത്രി

0
32

ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യൽ എക്‌സൈസ്‌ ഡ്യൂട്ടിയടക്കം കൂട്ടിയത്‌ കൊണ്ടാണ്‌ ഇന്ധനവിലയിൽ ഭീമമായ വർധനവ്‌ ഉണ്ടായത്‌. സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവയായി ഉയർന്ന തുക പിരിക്കാൻ കേന്ദ്രസർക്കാരിന്‌ അവകാശമില്ല. ഇത്‌ ഭരണഘടനാ ലംഘനമാണ്‌. കേന്ദ്രസെസ്‌ ഫെഡറൽ സംവിധാനത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചിട്ടില്ല. ഒരുതവണ കുറയ്‌ക്കുകയും ചെയ്‌തു. ഉമ്മൻചാണ്ടി സർക്കാർ 13 തവണയാണ്‌ നികുതി വർധിപ്പിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്‌സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മൻമോഹൻ സിങ് ആണ്‌. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യൽ എക്‌സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിൽ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ഒരു ലിറ്റർ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തിൽ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തിൽ വിലകൂടുമ്പോൾ നികുതി കൂടുകയും കുറയുമ്പോൾ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞു.

ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളത്‌. പെട്രോൾ വില നിർണയ അധികാരം കമ്പോളത്തിനു യുപിഎ സർക്കാർ വിട്ടു കൊടുത്തു. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. ഓയിൽപൂൾ അക്കൗണ്ട് എന്ന ഫണ്ട് കേന്ദ്രത്തിനുണ്ടായിരുന്നു. പെട്രോളിയം വില പിടിച്ചു നിർത്താൻ അക്കൗണ്ടിൽനിന്ന് സബ്‌സിഡി കൊടുക്കുന്നതായിരുന്നു രീതി. 2002 ൽ മൻമോഹൻസിങ് ഇതു നിർത്തലാക്കി. കേന്ദ്രം അനിയന്ത്രിതമായി സ്പെഷൽ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലീറ്ററിന് 8.1 രൂപ എക്സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയർത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വർധിച്ചു.

2018ൽ ക്രൂഡ് ഓയിൽ വില ബാരലിന് 80.08 ഡോളറായിരുന്നു. കേന്ദ്ര എക്സൈസ് നികുതി 17.98രൂപ. 2020 മെയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 30 ഡോളറായി. കേന്ദ്രം നികുതി 32.98 രൂപയാക്കി ഉയർത്തി. ഉമ്മൻചാണ്ടി സർക്കാരും ഇതേരീതിയിൽ 13 തവണ പെട്രോളിന്റെ നികുതി വർധിപ്പിച്ചിരുന്നു. കേരളം നികുതി കുറയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം അടിസ്ഥാനം ഇല്ലാത്തതാണ്‌. ബിജെപിയെ സഹായിക്കുന്ന നിലപാടാണ്‌ സംസ്ഥാനത്ത്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌ – മന്ത്രി പറഞ്ഞു.