രാജ്യത്ത് കൊടും പട്ടിണി, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിൽ, പാകിസ്ഥാനും,ബംഗ്ലദേശും മുന്നിൽ

0
38

രാജ്യത്ത് പട്ടിണി ഉയർന്ന നിരക്കിലാണെന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക. അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ് കഴിഞ്ഞ വർഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു.107 രാജ്യങ്ങളുടെ പട്ടികയാണ്‌ കഴിഞ്ഞവർഷം പുറത്തുവിട്ടത്‌. ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ്വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗൾ ഹൈൽഫും ചേർന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ്‌ (76) തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മുന്നിലാണുള്ളത്‌. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയേക്കാൾ പിന്നിലുള്ളത്‌.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യം കൊടും പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്‌തം. കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലാണ് ഇക്കുറി ഇന്ത്യയുടെ സ്ഥാനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വലിയ തോതിൽ പട്ടിണി മരണങ്ങൾ നടന്നിട്ടുണ്ട് എന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രാജ്യത്തെ സമ്പന്നർ അതി സമ്പന്നർ ആവുകയും ദരിദ്രർ അതി ദരിദ്രർ ആവുകയും ചെയ്യുകയാണ്. ഈ സ്ഥിതി തുടർന്നാൽ രാജ്യം ക്ഷാമത്തിലേക്ക് നീങ്ങുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. മൂന്നു നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്ത ജനങ്ങളുടെ നാടായി രാജ്യം മാറുമ്പോൾ കേന്ദ്ര സർക്കാർ നയങ്ങളും, പദ്ധതികളും പരാജയമാണ് എന്ന് അടിവരയിടുകയാണ് റിപ്പോർട്ട്. കർഷക സമരങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിലവിൽ രാജ്യം മുന്നോട്ടു പോകുന്നത്. നിലവിൽ ഇന്ധന വിലയും, അവശ്യ സാധനങ്ങളുടെ വിലയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും കൂടി പരിഗണിച്ചാൽ ഇന്ത്യ അടുത്ത വർഷത്തിൽ ഇതിലും ഭീകരമായ സ്ഥിതിയിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.