മമതക്കെതിരെ മത്സരിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയുടെ നിയമോപദേഷ്ടാവ് പ്രിയങ്ക

0
7

 

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്നത് മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേഷ്ടാവ് പ്രിയങ്ക ടിബ്രവാള്‍. അടുത്തിടെ ബംഗാളിൽ നടന്ന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി നൽകിയതും പ്രിയങ്കയായിരുന്നു. 2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന പ്രിയങ്ക നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 58,257 വോട്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സ്വര്‍ണകമാല്‍ സാഹയോട് പരാജയപ്പെട്ടു. ഒമ്പതുവര്‍ഷമായി താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും അതില്‍ തെരഞ്ഞെടുപ്പ് ജയത്തിനോ തോല്‍വിക്കോ പ്രാധാന്യം ഇല്ലെന്നുമാണ് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രിയങ്ക പ്രതികരിച്ചത്. ‘മുഖ്യമന്ത്രിക്കെതിരെ പോരാടുന്നു എന്നതല്ല പ്രധാനപ്പെട്ടത്. തെറ്റിനും ശരിക്കും എതിരായ പോരാട്ടമാണിത്. ബംഗാളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് നമ്മള്‍ കണ്ടു. എന്നാല്‍ അവര്‍ പ്രതികരിച്ചില്ല. ആ മൗനത്തിനെതിരെയാണ് എന്റെ പോരാട്ടം.’ പ്രിയങ്ക പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മികച്ച വിജയം നേടിയെങ്കിലും നന്ദി ഗ്രാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ തൃണമൂല്‍ നേതാവുമായ സുവേന്ദു അധികാരിയോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. മമത മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.