എന്‍ രാജേഷ് സ്മാരക പുരസ്കാരം പി കൃഷ്ണമ്മാളിന്

0
24

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാവുമായിരുന്ന എന്‍ രാജേഷിന്റെ സ്മരണാര്‍ഥം മാധ്യമം ജേര്‍ണലിസ്റ്റ്സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എന്‍ രാജേഷ് സ്മാരക പുരസ്കാരം പ്രമുഖ തൊഴിലാളി നേതാവും ഡല്‍ഹി കര്‍ഷക സമരാംഗവുമായ പി കൃഷ്ണമ്മാളിന്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കായി അധികാര കേന്ദ്രങ്ങളോട് ഒട്ടും രാജിയാവാതെ ധീരമായി നിലകൊണ്ട ട്രേഡ് യൂനിയന്‍ പ്രവര്‍ത്തക എന്ന നിലയിലാണ് കൃഷ്ണമ്മാള്‍ അവാര്‍ഡിനര്‍ഹയായത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എന്‍ രാജേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 13ന് 11.30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവാർഡ് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ എ സൈഫുദ്ദീന്‍, സെക്രട്ടറി പി പി ജുനൂബ്, എം ഫിറോസ്ഖാന്‍, ഹാഷിം എളമരം, ബിജുനാഥ്, എ ടി മന്‍സൂര്‍, സുല്‍ഹഫ് എന്നിവര്‍ പങ്കെടുത്തു.