മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിൽ ശമ്പളം നൽകാത്തതിനാൽ ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ജീവനക്കാർ. ചന്ദ്രികയുടെ പ്രധാന ഓഫീസായ കോഴിക്കോട് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. കെഎൻഇഎഫ് –-കെയുഡബ്ല്യുജെ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലായിരുന്നു സമരം.
മൂന്നുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട്. നേരത്തേ പ്രതിസന്ധി വിശദമാക്കി ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാനേജ്‌മെന്റിലെ ഉന്നതനും ലീഗ് നേതൃത്വത്തിലെ പ്രമുഖരും ചേർന്നുള്ള അഴിമതിയാണ് ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കാൻ ഉപസമിതി നൽകിയ റിപ്പോർട്ട ഇതുവരെ നടപ്പാക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി 16-ന് ഉപവാസ സമരം നടത്തും.