സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
31

 

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യൊല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ മുതല്‍ ചൊവ്വാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്നും അധികൃതർ അറിയിച്ചു.