യുപിയില്‍ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ മരിച്ചത് 40 കുട്ടികളടക്കം 50 പേർ

0
43

 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം അമ്പതുപേർ മരിച്ചു. ഫിറോസാബാദിലാണ് കടുത്ത പനി പടര്‍ന്നുപിടിക്കുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും പനി പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫിറോസാബാദിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഡോക്ട്ടര്‍മാരുടെ നിസ്സഹകരണം കൊണ്ടാണ് ആറുവയസ്സുകാരിയായ പല്ലവി എന്ന കുട്ടി മരിച്ചതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
വൈറസ് കാരണമുള്ള പനിയും നിര്‍ജ്ജലീകരണവുമാണ് രോഗലക്ഷണമായി കണ്ടുവരുന്നത്. ഡെങ്കിയുടെ മാരകമായ വകഭേദമാണ് ഇതെന്ന് ലോകാരോഗ്യസംഘടനയുടെ സംഘം അറിയിച്ചിട്ടുണ്ട്. കുട്ടികളില്‍ പെട്ടെന്ന് രക്താണുക്കളുടെ അളവ് കുറയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഡെങ്കിപ്പനി മാരകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ ഫിറോസാബാദിലേക്ക് അയച്ചു.
അതിനിടെ, മിക്ക ആശുപത്രികളും രോഗികളെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പല ആശുപത്രികളുടേയും
ശിശുരോഗ വിഭാഗം കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.