ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബര്‍ ആദ്യ രണ്ടാഴ്ചകളില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം വരെയാണ്.
മാസങ്ങള്‍ക്കു ശേഷം നേരിട്ടുള്ള വിമാന സര്‍വിസിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആഴ്ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയില്‍ 5528 സീറ്റ് ആണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതി ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്കും പകുതി കുവൈത്തി വിമാനക്കമ്ബനികളായ കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും പങ്കിടുകയുമാണ്.
ഇന്ത്യന്‍ വിമാനക്കമ്ബനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത് വ്യോമയാന വകുപ്പു മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വിസിന് വിലക്ക് ഏര്‍പ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ സര്‍വിസ് ആരംഭിക്കുന്നത്.
ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ് േക്വാട്ട നിശ്ചയിച്ചത്. നാട്ടില്‍നിന്ന് കുവൈത്തിലെത്തല്‍ അത്യാവശ്യമായിട്ടുള്ള പതിനായിരങ്ങള്‍ കാത്തിരിക്കുന്ന അവസ്ഥയില്‍ േക്വാട്ട വര്‍ധിപ്പിച്ചാലേ ടിക്കറ്റ് നിരക്ക് കുറയൂ.