സമൂഹമാധ്യമങ്ങളിലേയും ചില സ്വകാര്യ ചാനലുകളിലേയും വ്യാജ വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ആര്‍ക്കും യുട്യൂബ് ചാനല്‍ ആരംഭിച്ച് എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളത്. വിവിധ ന്യൂസ് പോര്‍ട്ടലുകളും യൂട്യബും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുന്നെന്നും സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിരീക്ഷിച്ചു.ഒരു വിഭാഗം ചാനലുകള്‍ കാണിക്കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ഇത് രാജ്യത്തിന്റെ പേര് തന്നെ മോശമാക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് എടുത്തതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായ നിയന്ത്രണം ഇല്ലാത്തതിനാല്‍ വ്യക്തികള്‍കളെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നു. ജഡ്ജിമാര്‍ക്കെതിരെ പോലും യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജവാര്‍ത്തകള്‍ എഴുതി വിടുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ‘ ഒരു വിഭാഗം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ കാണിക്കുന്ന വാര്‍ത്തകളെല്ലാം തന്നെ സാമുദായിക നിറമുള്ളതാണ്. ആത്യന്തികമായി, ഇത് ഈ രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്നതാണ്. ഇത്തരം സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കോടതി ആരാഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സമൂഹ മാധ്യമങ്ങൾ ‘ശക്തമായ ശബ്ദങ്ങള്‍’ മാത്രമാണ് കേള്‍ക്കുന്നത്. കൂടാതെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ നിരവധി കാര്യങ്ങള്‍ ജഡ്ജിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ എഴുതുന്നു, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘വെബ് പോര്‍ട്ടലുകളിലും യൂട്യൂബ് ചാനലുകളിലും വ്യാജ വാര്‍ത്തകള്‍ക്കും അപവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. ഒരു നിയന്ത്രണവുമില്ലാതെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. നിങ്ങള്‍ യൂട്യൂബ് നോക്കിയാല്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ സൗജന്യമായി പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താനാകും. മാത്രമല്ല ആര്‍ക്കും യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങാനും സാധിക്കും,’ കോടതി പറഞ്ഞു.
പുതുതായി നിലവില്‍ വന്ന ഐ.ടി നിയമപ്രകാരം സോഷ്യല്‍ മീഡിയയും വെബ് പോര്‍ട്ടലുകളും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള ഹര്‍ജികള്‍ കൈമാറണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ആറ് ആഴ്ചകള്‍ക്ക് ശേഷം കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.