BREAKING… കോൺഗ്രസ്സിൽ തുറന്ന കലാപം, ഉമ്മൻ ചാണ്ടിയും സുധാകരനും നേർക്കുനേർ, പുനഃസംഘടന പാളി

0
44

 

അനിരുദ്ധ് പി.കെ.

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ പുനഃസംഘടന വൻ പരാജയം. പുതിയ അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണം ഉൾപ്പടെ പുറത്ത് വന്നത്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് കൃത്യമായ ചർച്ച നടന്നിട്ടില്ല എന്നും, തൻ നൽകിയ നിർദേശങ്ങൾ പരിഗണിച്ചില്ലെന്നും ഉമ്മൻ ചാണ്ടി തുറന്നടിച്ചു. വാർത്ത സമ്മേളനത്തിൽ ഡയറി ഉയർത്തിക്കാട്ടിയ കെ സുധാകരനെ ഉമ്മൻ ചാണ്ടി രൂക്ഷമായി വിമർശിച്ചു. കെ സുധാകരന്റെ പ്രവൃത്തി തെറ്റായിപ്പോയി എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ഉമ്മൻചാണ്ടിക്കെതിരെ സുധാകരനും രംഗത്ത് വന്നു ഉമ്മൻ ചാണ്ടിയുമായും എ ഗ്രൂപ്പുമായും ചർച്ച നടത്തിയാണ് പട്ടിക അന്തിമമാക്കിയതെന്ന് സുധാകരൻ പറഞ്ഞു. സുധാകരന്റെ പ്രസ്താവന എ ഗ്രൂപ്പ് തള്ളി. അതേസമയം ഉമ്മൻ ചാണ്ടിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നീ നേതാക്കളും രംഗത്ത് വന്നു. എ ഗ്രൂപ്പ് ചർച്ചകളൊന്നും താൻ അറിയാറില്ലെന്നും പുതിയ മാറ്റം അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗ്രൂപ്പ് വീതം വെക്കലാണ് നടന്നതെന്നും അവർക്ക് ഇഷ്ടമില്ലാതെ നേതാക്കളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരിഗണിച്ചിട്ടില്ലെന്നും തുറന്നടിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ, പുതിയ സംഘടനാ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കണമെന്നും, കെ സുധാകരന്റെ നിലപാടിനോട് യോജിച്ച് മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ പറഞ്ഞു.

കെ.സി.വേണുഗോപാലിന്റെ ഇടപെടലാണ് കോൺഗ്രസ്സിന്റെ ഈ അധഃപതനത്തിന് കാരണമാണ് എന്നുള്ള വിമർശനങ്ങളും ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക് പോസ്റ്റുകളും വന്നുകഴിഞ്ഞു. യുവാക്കളുടെ പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകാത്തതിന്റെ അമർഷം യുവ നേതാക്കൾക്കിടയിലും ഉണ്ട്. ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ചുള്ള നേതാക്കളുടെ നിലപാട് കെ പി സി സിക്ക് തലവേദനയാകും. ആവശ്യത്തിന് ഉപയോഗിച്ചിട്ട് വലിച്ചെറിയുന്ന നിലപാട് കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയോട് കാണിച്ചെന്ന് എ ഗ്രൂപ്പ് വിഭാഗം നേതാക്കളും പ്രവർത്തകരും അഭിപ്രായപ്പെട്ടു. ചെന്നിത്തലയെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതും വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പുനഃസംഘടന തീരുമാനം പുറത്ത് വന്നതോടെ കോൺഗ്രസ്സ് സംഘടനാപരമായി വീണ്ടും തകർച്ചയിലേക്ക് പോകുകയാണ് എന്നാണ് സൂചന.