താലിബാന്റെ കിരാതവാഴ്ചയിൽ അഫ്ഗാൻ, താലിബാൻ പണം സമാഹരിക്കുന്ന വഴികൾ എന്തൊക്കെ ?

0
49

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാതവാഴ്ചയ്ക്ക് വീണ്ടും ആരംഭം കുറിച്ചിരിക്കുകയാണ് . തലസ്ഥാനമായ കാബൂളും പിടിച്ചെടുത്ത താലിബാന് കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക നീക്കം ചെയ്തു, പകരം താലാബാന്റെ കൊടി നാട്ടി.രാജ്യം പൂർണമായും താലിബാന്റെ അധികാരപരിധിയിൽ എത്തിക്കഴിഞ്ഞു.

2001ൽ യുഎസ് സേന അവരെ അട്ടിമറിച്ചതിനുശേഷം കൂടുതൽ സമ്പന്നരും ശക്തരുമാണ് താലിബാൻ തീവ്രവാദികൾ.2020 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, 1.6 ബില്യൺ യുഎസ് ഡോളർ താലിബാൻ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്.താലിബാൻ ആത്മീയ നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകൻ മുല്ല യാക്കൂബ് ഇത് സമ്മതിക്കുന്നതായി നാറ്റോയുടെ റിപ്പോർട്ടിലും വ്യക്തമാണ്.

അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 75,000 അംഗങ്ങളാണ് താലിബാൻ എന്ന സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നത്. അഫ്ഗാനിൽ നിന്ന് യുഎസ് പിന്മാറ്റം നടത്തിയതിന്റെ തുടർച്ചയായി അഫ്ഗാന്റെ 85 ശതമാനം പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഈ കാലയളവിൽ താലിബാൻ സാമ്പത്തികമായും വളരെയധികം വളർന്നു. എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കാൻ മാത്രമുള്ള സമ്പത്തും താലിബാനുണ്ട്. ഭീകരസംഘടനയായ താലിബാന് എങ്ങനെയാണ് പണം ലഭിക്കുന്നത്? താലിബാൻ പണം സമാഹരിക്കുന്ന വഴികൾ എന്തൊക്കെയാണ്?

2016ൽ ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാൻ. പ്രതിവർഷം 400 മില്ല്യൺ ഡോളർ ആണ് താലിബാന്റെ വരുമാനം. നാറ്റോയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2019-20 വർഷത്തിൽ 1.6 ബില്ല്യൺ ഡോളറാണ് താലിബാന്റെ പ്രതിവർഷ വരുമാനം. അതായത് നാല് വർഷത്തിനുള്ളിൽ താലിബാൻ 400 ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഉണ്ടാക്കിയെന്ന് ചുരുക്കം.

ഫോബ്‌സിന്റെ റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് എന്നിവയ്ക്ക് പുറമേ വിദേശ സ്രോതസ്സുകളിൽ നിന്നുള്ള നിക്ഷേപവുമാണ് താലിബാന്റെ വരുമാനമാർഗം. റേഡിയോ ലിബർട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാർഗങ്ങളാണ്.

ഖനനം- 464 മില്ല്യൺ ഡോളർ
മയക്കുമരുന്ന്- 416 മില്ല്യൺ ഡോളർ
വിദേശസഹായം- 240 മില്ല്യൺ ഡോളർ
കയറ്റുമതി- 240 മില്ല്യൺ ഡോളർ
നികുതി- 160മില്ല്യൺ ഡോളർ
റിയൽ എസ്‌റ്റേറ്റ്- 80 മില്ല്യൺ ഡോളർ
എന്നിങ്ങനെയാണ് ഫോബ്‌സ് റിപ്പോർട്ടിൽ താലിബാന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഒപിയം) നിർമാതാക്കളാണ് അഫ്ഗാനിസ്താൻ. പ്രതിവർഷം 1.5-3 ബില്ല്യൺ ഡോളർ ഒപിയം കയറ്റുമതിയാണ് അഫ്ഗാനിൽ നടക്കുന്നത്. രാജ്യത്ത് ഒപിയം ഉത്പാദനം നടക്കുന്ന മുക്കാൽ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്.

ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ താലിബാൻ ഏർപ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാനമാർഗമാണ്. ഒപിയം ഹെറോയിൻ ആക്കി മാറ്റുന്ന ലാബുകളിൽ നിന്ന് വൻതോതിൽ നികുതിയാണ് താലിബാൻ ഈടാക്കുന്നത്. പുറമേ കർഷകരിൽ നിന്നും കച്ചവടക്കാരിൽ നിന്നും പത്ത് ശതമാനത്തോളം നികുതി ഈടാക്കും.

ഖനനമാണ് മറ്റൊരു പ്രധാന വരുമാനം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മലനിരകൾ ഖനനം നടക്കുന്ന മേഖലകളാണ്. നിയമവിധേയവും നിയമവിരുദ്ധവുമായുള്ള ഖനനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. താലിബാന് വൻ തുക നൽകിയാണ് ചെറുകിട ഖനന കമ്പനികൾ മുതൽ വമ്പൻ ഖനന കമ്പനികൾ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നൽകാതെ ഈ മേഖലകളിൽ ഖനനം നടത്താൻ സാധ്യമല്ല.

വിദേശസഹായമാണ് മറ്റൊരു പ്രധാന വരുമാന മാർഗം. പാകിസ്താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാന് വിദേശസഹായം നൽകുന്നുണ്ടെന്ന് പലപ്പോഴും അഫ്ഗാനും അമേരിക്കയും ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇത് ഈ രാജ്യങ്ങൾ നിരന്തരം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ പണത്തിന്റെ കൃത്യമായ അളവ് എത്രയാണെന്ന് വ്യക്തമല്ല. ഇത് പ്രതിവർഷം 500 മില്ല്യൺ ഡോളർ വരെയാവാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

അഫ്ഗാനിസ്താനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാൻ ജനങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും നികുതി ഈടാക്കുന്നുണ്ട്. ഇത് മറ്റൊരു പ്രധാനവരുമാന മാർഗമാണ്.

ഖനന കമ്പനികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള വികസന പദ്ധതികൾ എന്നിയൊക്കെ താലിബാന് നികുതി കൊടുക്കുന്നുണ്ട്.ഏകദേശം 20 വർഷമായി, താലിബാന്റെ സമ്പത്ത് അഫ്ഗാനിസ്ഥാന്റെ നാശത്തിന് ധനസഹായം നൽകി.

ബിബിസി റിപ്പോർട്ടിംഗ് അനുസരിച്ച് താലിബാൻ വിദേശ സ്രോതസ്സുകളിൽ നിന്ന്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 106 മില്യൺ ഡോളർ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പിന്തുണയും താലിബാന്റെ വളർച്ചയ്ക്ക് കാരണമാണ്.