ദൃശ്യക്കൊലക്കേസിൽ അന്വേഷണസംഘം 518 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

0
88

ദൃശ്യക്കൊലക്കേസിൽ അന്വേഷണസംഘം 518 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മലപ്പുറം, പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 17ന് രാവിലെയാണ് ദാരുണമായ കൊല നടക്കുന്നത്. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം.

ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. പ്രതിയായ വിനീഷിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് 57-ാംമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ 81 സാക്ഷികളെ പോലീസ് ചോദ്യം ചെയ്തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചട്ടുണ്ട്.

വിനീഷ് നിലവിൽ റിമാൻഡിലാണ്. ദൃശ്യയുടെ ശരീരത്തിൽ 22ലേറെ മുറിവുകളുണ്ടായിരുന്നു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരി ദേവശ്രീയ്‌ക്കും പരിക്കേറ്റിരുന്നു. കൊലപാതകം നടന്ന ദൃശ്യയുടെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് വിനീഷിന്റെ വീട്. ദൃശ്യയെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപ് പിതാവ് ബാലചന്ദ്രന്റെ കട വിനീഷ് തീയിട്ടിരുന്നു. ദൃശ്യയെ കുത്തി കൊലപ്പെടുത്തിയും പെരിന്തൽമണ്ണയിൽ കട തീവെച്ച് നശിപ്പിച്ചതും വെവ്വേറെ കേസുകളിലായാണ് പോലീസ് അന്വേഷിച്ചത്.

ദൃശ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ അതിക്രമിച്ച് കയറൽ(ഐപിസി 450), കൊലപാതകം(ഐപിസി 302) കൊലപാതക ശ്രമം(ഐപിസി 307) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കട കത്തിച്ച സംഭവത്തിൽ ഐപിസി 436 പ്രകാരമാണ് (വീടോ സ്ഥാപനമോ തീവെച്ച് നശിപ്പിക്കൽ) കേസെടുത്തിരിക്കുന്നത്.