ഹൈദരലി തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മോയിൻ അലി ശിഹാബ് തങ്ങള്‍ക്ക് ചന്ദ്രികയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ചുമതല നല്‍കിയുള്ള ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്. 2021 മാര്‍ച്ച് അഞ്ചിനാണ് ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയില്‍ മോയിൻ അലിക്ക് കത്തെഴുതിയത്. ചന്ദ്രികയിലെ ഫിനാന്‍സ് മാനേജര്‍ സമീറടക്കമുള്ളവരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കണമെന്നും കത്തിലുണ്ട്. ഹൈദരലി തങ്ങളുടെ നിര്‍ദേശം അടങ്ങിയ കത്ത് ഡോ.കെ ടി ജലീലാണ് പുറത്തുവിട്ടത്.
കള്ളപ്പണ ഇടപാടിലും സാമ്പത്തിക ക്രമക്കേടിലും പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ മോയിൻ അലി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ ചന്ദ്രികയുടെ കാര്യം പറയാന്‍ മോയിൻ അലിക്ക് അര്‍ഹതയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ വാദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തിയതി ഹൈദരലി തങ്ങളുടെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ കത്ത് പുറത്തുവന്നിരിക്കുന്നത്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പി കെ കുഞ്ഞാലിക്കുട്ടിക്കാണെന്ന് മോയിൻ അലി ആരോപിച്ചിരുന്നു. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മോയിൻ അലിക്ക് ചുമതല നല്‍കിയതോടെയാണ് ഇവിടത്തെ പ്രശ്നങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവെ റാഫി പുതിയകടവ് എന്നയാള്‍ മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു. ചന്ദ്രികയുടെ കാര്യത്തില്‍ മോയിൻ അലിക്ക് ഇടപെടാന്‍ എന്താണ് അധികാരമെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്.
മോയിൻ അലിക്കെതിരെ ലീഗുകാർ കൊലവിളി ഉയർത്തിയ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്നവർക്കും ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.