Sunday
11 January 2026
26.8 C
Kerala
HomeKeralaസെമികേഡര്‍ സ്വഭാവത്തിലേക്ക് കേരളാ കോൺഗ്രസ് (എം)

സെമികേഡര്‍ സ്വഭാവത്തിലേക്ക് കേരളാ കോൺഗ്രസ് (എം)

കേരളാ കോൺഗ്രസ് (എം) ശക്തിപ്പെടുത്താനും ബഹുജനാടിത്തറ വർധിപ്പിക്കാനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടി സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം കൂടുതല്‍ കേഡര്‍മാരെ കണ്ടെത്താനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മെമ്പര്‍ഷിപ്പില്‍ ഭേദഗതി വരുത്തി. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള അനുഭാവികള്‍ക്ക് ഓണ്‍ലൈനായി സാധാരണ അംഗത്വം നേടാം.

കെ എം മാണി സ്മൃതി ദിനമായ എല്ലാ വര്‍ഷവും ഏപ്രില്‍ ഒമ്പത് കാരുണ്യദിനമായി ആചരിക്കും. വാര്‍ഡ് മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ ഘടകങ്ങളിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും എണ്ണം കുറയ്ക്കും. 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിംഗ്കമ്മിറ്റി 91 പേരായി ചുരുങ്ങും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25ല്‍ നിന്നും 15 ആയി കുറയ്ക്കും. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡ് തലം മുതലുള്ള സംഘടനാ തെരെഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചിക്കും.

വാര്‍ഡ് തലം മുതല്‍ ഭാരവാഹികളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. സംഘടനാരംഗത്ത് കൂടുതൽ വനിതാ പ്രതിനിധ്യം ഉറപ്പുവരുത്തും. സംസ്ക്കാരവേദി, കേരളാ കോൺഗ്രസ് പ്രഫഷണല്‍സ് ഫോറം, കേരള പ്രവാസി കോൺഗ്രസ് (എം), എക്‌സ് സർവീസ്മെൻ ഫോറം, കേരള സഹകാരി ഫോറം എന്നിവ രൂപീകരിക്കും. കേരളത്തില്‍ കോവിഡ് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു.

ചെയര്‍മാന്‍ ജോസ് കെ മാണി അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴിക്കാടന്‍ എംപി, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments