Exclusive മോയിൻ അലിയുടെ വാർത്താസമ്മേളനം അലങ്കോലമാക്കൽ: പിന്നിൽ ഗൂഢാലോചന, റാഫിയെ സംരക്ഷിച്ച് കുഞ്ഞാലിക്കുട്ടി

0
41

പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് ഹൈദരലി തങ്ങളുടെ മകൻ മോയിൻ അലി നടത്തിയ വാർത്താസമ്മേളനം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും. കള്ളപ്പണ ഇടപാടിൽ പാണക്കാട് കുടുംബത്തെ വലിച്ചിഴച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ മോയിൻ അലി വിമർശിച്ചിരുന്നു. എംപി സ്ഥാനം രാജിവെച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവും ഖത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമെല്ലാം നേരത്തെ മുഈൻ അലിയാണ് എതിർത്തത്. ഈ സാഹചര്യത്തിൽ മോയിൻ അലിയെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ചില പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ഇതിനുപിന്നാലെയാണ് ലീഗ് ഹൗസിൽ വെച്ച് മോയിൻ അലി വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ഇക്കാര്യം ലീഗ് ഹൗസിലെ ചില നേതാക്കളും ജീവനക്കാരും കുഞ്ഞാലിക്കുട്ടിയെ വിളിച്ച് അറിയിച്ചു. തുടർന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും ലീഗിന്റെ സ്ഥിരം ക്രിമിനലുമായ റാഫി പുതിയകടവ് അതിക്രമിച്ചുകയറി വാർത്താസമ്മേളനം അലങ്കോലമാക്കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മോയിൻ അലി വാർത്താസമ്മേളനം വിളിക്കുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചതിനൊപ്പം ലീഗ് ഓഫീസിലെ ഒരു ജീവനക്കാരൻ കുഞ്ഞാലിക്കുട്ടിക്കും രഹസ്യമായി സന്ദേശം കൈമാറി.

ചന്ദ്രികയിലെ ഒരു വിശ്വസ്തൻ മുഖേനയാണ് കുഞ്ഞാലിക്കുട്ടിക്ക് വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞയുടൻ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനം നടത്താതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഇത് ഫലം കാണില്ലെന്ന് വന്നതോടെയാണ് കോഴിക്കോട് നഗരത്തിലെ ചിലി വിശ്വസ്തരെ കുഞ്ഞാലിക്കുട്ടിയുടെ അനുയായികൾ കാര്യം ധരിപ്പിച്ചത്. തുടർന്നാണ് റാഫി വാർത്താസമ്മേളനത്തിൽ ആക്രോശിച്ചു കടന്നുകയറിയതും പരിപാടി അലങ്കോലമാക്കിയതും.

കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടയെന്നാണ് റാഫി പുതിയകടവ് അറിയപ്പെടുന്നത്. തെറി വിളിച്ച് ആക്ഷേപിക്കുക മാത്രമല്ല, വധഭീഷണി മുഴക്കുകയും ചെയ്തു. നിരവധി മാധ്യമ പ്രവർത്തകരുടെ മുന്നിൽ വെച്ചാണ് റാഫി മോയിൻ അലിക്കെതിരെ വധഭീഷണി മുഴക്കിയത്. വിഷയം ഏറെ വിവാദമായിട്ടും അന്വേഷിക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. റാഫിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നും മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നുമാണ് അടുപ്പക്കാരോട് കുഞ്ഞാലിക്കുട്ടി അറിയിയച്ചത്. മാത്രമല്ല, റാഫിയുടേത് വൈകാരിക പ്രകടനമായി കണ്ടാൽ മതിയെന്നും പറഞ്ഞു. ഈ നിർദ്ദേശം നൽകിയശേഷം കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തുനിന്നും തിരക്ക് പിടിച്ച് മലപ്പുറത്തേക്ക് പോകുകയായിരുന്നു.

മോയിൻ അലിയെ പരസ്യമായി തെറി വിളിച്ച് ആക്ഷേപിച്ചതിലും വധഭീഷണി മുഴക്കിയതിലും ലീഗിൽ വലിയ കലാപം ഉടലെടുത്തിട്ടുണ്ട്. റാഫിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അതിനിടെ, പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വൻ ഗൂഡാലോചനയാണെന്നുമായിരുന്നു നജീബിന്റെ പ്രതികരണം. വാരിക്കുഴികൾക്കപ്പുറം സത്യം വിജയിക്കും. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണെന്നും പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിച്ച് നജീബ് പറഞ്ഞു.

നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ ലീഗ് പതാക കെട്ടിയ കേസിലും കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണത്തിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലും റാഫി പ്രതിയാണ്. ഇന്ത്യാവിഷൻ ചാനലിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ഇരയെ പലതവണ ഭീഷണിപ്പെടുത്തിയതും ഇയാൾ തന്നെയാണ്. ഇരയുടെ അഭിമുഖം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഇന്ത്യാവിഷൻ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഇത്രക്ക് ക്രിമിനൽ പശ്ചാത്തലമുള്ള റാഫി എങ്ങനെ ലീഗിൽ തുടരുന്നു എന്നത് ആരുടെ പിന്തുണയോടെയാണെന്നു അന്വേഷിക്കണമെന്ന ആവശ്യവും ലീഗിൽ ഉയർന്നിട്ടുണ്ട്.