ഇന്ത്യൻ താരത്തിന്റെ കുടുംബത്തിനുനേരെ ജാതി അധിക്ഷേപം

0
174

ഒളിമ്പിക്‌സ്‌ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം സെമിയിൽ പുറത്തായതിന്‌ പിന്നാലെ താരങ്ങൾക്കെതിരെ ജാതി അധിക്ഷേപം. ടൂർണമെന്റിലെത്തന്നെ മികച്ച താരങ്ങളിൽ ഒരാളും മുൻ ക്യാപ്റ്റനുമായ വന്ദന കത്താരിയയുടെ കുടുംബത്തിനാണ്‌ ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്‌. ഇത്‌ സംബന്ധിച്ച്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ടീം തോറ്റതിനു കാരണം ദേശീയ ടീമില്‍ ഒരുപാട് ദളിതര്‍ ഉള്ളതിനാലാണെന്നും ഹോക്കിയില്‍ മാത്രമല്ല ഒരു കായികവിനോദത്തിലും ദളിതരെ ഉള്‍പ്പെടുത്തരുതെന്ന് ഇവര്‍ പറഞ്ഞതായും വന്ദനയുടെ ബന്ധുക്കള്‍ ആരോപിച്ചു.

സെമിയിൽ അർജന്റീനയോട്‌ പരാജയപ്പെട്ടതോടെയാണ്‌ ഹരിദ്വാറിലെ റോഷ്‌നാബാദ്‌ ഗ്രാമത്തിലുള്ള വന്ദനയുടെ കുടുബത്തിന്‌ ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്‌. വീടിന്‌ മുന്നിൽ ബൈക്കില്‍ വന്ന രണ്ടുപേരാണ് വന്ദനയേയും കുടുംബത്തേയും അധിക്ഷേപിച്ച്‌ ബഹളംവച്ചത്‌. ടീം സെമിഫൈനലില്‍ തോറ്റതിനുശേഷം ഉയർന്ന ജാതിയിലുള്ള യുവാക്കൾ വന്ദനയുടെ വീടിനു മുന്നില്‍ എത്തി ജാതീയമായി അധിക്ഷേപിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

തങ്ങളുടെ വര്‍ഗീയമായി അധിക്ഷേപിച്ച ഇവര്‍ ഇട്ടിരുന്ന വസ്ത്രം മാറ്റിയ ശേഷം വീടിനു മുന്നില്‍ പടക്കം പൊട്ടിക്കുകയും പ്രത്യേക രീതിയില്‍ നൃത്തം ചെയ്യുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. താഴ്ന്ന ജാതിക്കാരെ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന നൃത്തച്ചുവടുകളായിരുന്നു ഇവരുടേതെന്ന് പരാതിയില്‍ പറയുന്നു. സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ 1 – 2ന് തോല്‍വി സമ്മതിച്ചത്.