കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അച്ചടക്ക നടപടികൾ മാതൃകാപരം: അശോകൻ ചരുവിൽ

0
35

 

 

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിവിവരം പുറത്തായതിനെ തുടർന്നുണ്ടായ നടപടികൾ തികച്ചു മാതൃകാപരവും പ്രസിദ്ധമായ ഇടതുപക്ഷ വിശ്വസ്തത നിലനിർത്താൻ പര്യാപ്തവുമാണെന്ന്‌ പുരോഗമനകലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ.

ജാഗ്രതക്കുറവു പുലർത്തിയ നേതാക്കൾക്കെതിരെയും കർശന നടപടികൾ സിപിഐ എം എടുത്തു. ചൂഷണാധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയിൽ അതിൻ്റെ ഭാഗമായ സാംസ്കാരിക സാഹചര്യത്തിൽത്തന്നെയാണ് അവരും ജീവിക്കുന്നത്. അവർക്കും തെറ്റുകൾ പറ്റും. തെറ്റുതിരുത്തി മുന്നോട്ടു പോവുക എന്നതാണ് പ്രധാനമെന്നും അശോകൻ ചരുവിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഒരു സംഘം ജീവനക്കാർ നടത്തിയ അഴിമതിയും ക്രമക്കേടും സംബന്ധിച്ച വിവരങ്ങൾ അങ്ങേയറ്റം ഞെട്ടലോടും സംഭ്രമത്തോടു കൂടിയുമാണ് കേട്ടത്. സർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും വെട്ടിപ്പും അസാധാരണ സംഗതികളല്ല. ഞങ്ങളുടെ കാട്ടൂർ സഹകരണ ബാങ്ക് ഒരിക്കൽ അവിടത്തെ സെക്രട്ടറി കൊള്ളയടിച്ചു മുങ്ങിയതിൻ്റെ ഫലമായി പ്രതിസന്ധിയിലായിട്ടുണ്ട്. പക്ഷേ പലരും ചൂണ്ടിക്കാണിച്ച പോലെ നീണ്ടകാലമായി ഇടതുപക്ഷം ഭരിക്കുന്ന ഒരു സ്ഥാപനത്തിൽ അഴിമതി നടന്നു എന്നത് തികച്ചും അസാധാരണമാണ്. ‘മനുഷ്യൻ നായയെ കടിക്കു’ന്നതു പോലെയുള്ള വാർത്താപ്രാധാന്യം അതിനുണ്ട്.

പക്ഷേ അഴിമതിവിവരം പുറത്തായതിനെ തുടർന്നുണ്ടായ നടപടികൾ തികച്ചു മാതൃകാപരവും പ്രസിദ്ധമായ ഇടതുപക്ഷ വിശ്വസ്തത നിലനിർത്താൻ പര്യാപ്തവുമാണ്. കുറ്റവാളികളെ കണ്ടെത്താനും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാനും സർക്കാർ കാണിച്ച ജാഗ്രതയാണ് ഒന്നാമത്തേത്. ജനങ്ങൾക്ക് രക്ഷയായ ഒരു സഹകരണ സ്ഥാപനത്തെ ഒരു പോറലുമേൽക്കാതെ രക്ഷിക്കാൻ മുന്നോട്ടു വന്ന സഹകരണവകുപ്പിൻ്റെയും കേരളബാങ്കിൻ്റെയും നടപടികൾ അതീവ പ്രധാന്യമുള്ളതാണ്.

രണ്ടാമത്തെ സംഗതി ഇന്നലെ സിപിഐ എം ജില്ലാക്കമ്മറ്റി എടുത്ത കർശനമായ അച്ചടക്ക നടപടികളാണ്. പ്രതിപ്പട്ടികളിൽ ഉൾപ്പെട്ടവരെ പുറത്താക്കുന്നത് സ്വഭാവികമാണ്. മുഖം രക്ഷിക്കാൻ എല്ലാ പാർടികളും ചെയ്യുന്നതാണ് ഇത്. പക്ഷേ സിപിഐഎം അവിടെ നിന്നില്ല. കുറ്റം ചെയ്തിട്ടില്ലെങ്കിലും തങ്ങളുടെ മേഖലയിൽ നടന്ന ഇത്തരമൊരു പണാപഹരണത്തിനു നേരെ ജാഗ്രതക്കുറവു പുലർത്തിയ നേതാക്കൾക്കെതിരെയും കർശന നടപടികൾ എടുത്തു.

ഇന്നലെ സസ്പെൻ്റ് ചെയ്യപ്പെട്ടവരും തരംതാഴ്ത്തപ്പെട്ടവരുമായ നേതാക്കൾ എല്ലാവരും എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. നാടിനും പാർടിക്കും വേണ്ടി ജീവൻസമർപ്പിച്ച് ത്യാഗസന്നതയോടെ പ്രവർത്തിക്കുന്നവരാണ് എല്ലാവരും. ജനങ്ങൾക്ക് പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ഇരിഞ്ഞാലക്കുട മേഖലയിൽ തിളക്കമേറിയ വിജയം കൈവരിക്കാൻ കാരണക്കാരുമാണ്.

പക്ഷേ പൊതുപ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവരും ഉദാസീനത കാണിക്കുന്നവരും അവർ ആരായാലും ശിക്ഷിക്കപ്പെടും എന്ന കമ്യൂണിസ്റ്റ് മാതൃകയാണ് ഇവിടെ പാലിക്കപ്പെട്ടത്.

പാലിക്കപ്പെടുന്ന ഈ മഹനീയ മാതൃകയാണ് കമ്യൂണിസ്റ്റ് പാർടികളോടും പൊതുവെ ഇടതുപക്ഷത്തോടും വിശ്വസ്തത പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർടികളിലെ പ്രവർത്തകരും നേതാക്കളും മനുഷ്യർ തന്നെയാണ്. ചൂഷണാധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയിൽ അതിൻ്റെ ഭാഗമായ സാംസ്കാരിക സാഹചര്യത്തിൽത്തന്നെയാണ് അവരും ജീവിക്കുന്നത്. അവർക്കും തെറ്റുകൾ പറ്റും. തെറ്റുതിരുത്തി മുന്നോട്ടു പോവുക എന്നതാണ് പ്രധാനം.