സംസ്ഥാനത്ത്‌ 36.95 ശതമാനം പേർക്ക് ഒന്നാം ഡോസ്‌ വാക്‌സിൻ നൽകി; രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം

0
77

 

സംസ്ഥാനത്ത്‌ 36.95 ശതമാനം പേർക്ക് ഒന്നാം ഡോസും 16.01 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയെന്ന്‌ മന്ത്രി വീണാ ജോർജ്ജ്‌.

ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 33,82,81,418 പേർക്ക് ഒന്നാം ഡോസും 9,18,07,558 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 43,00,88,976 ഡോസ് വാക്‌സിനാണ് ജൂലൈ 25 തീയതി രാത്രി 8.00 വരെ നൽകിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തിൽ 26.02 ശതമാനം പേർക്ക് ഒന്നാം ഡോസും 7.06 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ 3.51 കോടിയാണ്. ജൂലൈ 25 വരെ 1,29,69,475 പേർക്ക് ഒന്നാം ഡോസും 56,21,752 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. അതായത് 36.95 ശതമാനം പേർക്ക് ഒന്നാം ഡോസും 16.01 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി.

ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് – സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MOHFW), കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ സമിതിയും (NEGVAC) കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങളും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവുകളും പ്രകാരമാണ് ഘട്ടം ഘട്ടമായി വിവിധ മുൻഗണനാ ഗ്രൂപ്പുകളെ വാക്‌സിനേഷൻ നടത്തുന്നതിനായി ഡ്രൈവിൽ ഉൾപ്പെടുത്തിവരുന്നത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. സർക്കാർ-സ്വകാര്യ ആശുപത്രി ജീവനക്കാർ, ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയത്.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ ഏകദേശം 100 ശതമാനം പേരും (5,48,297) ഒന്നാം ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച് 82 ശതമാനം പേർ (4,49,949) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേർക്കും എടുക്കാൻ സാധിക്കാത്തത്.

കോവിഡ് മുൻഗണനാ വിഭാഗത്തിലുള്ള മുന്നണി പോരാളികൾക്ക് കോവിഡ് വാക്‌സിനേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനം പേരും (5,61,628) ഒന്നാം ഡോസ് വാക്‌സിൻ 2021 ജൂലൈ 25 തിയതി വരെ എടുത്തിട്ടുണ്ട്. 82 ശതമാനം പേർ (4,61,953) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേർക്കും എടുക്കാൻ സാധിക്കാത്തത്.

18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 21 ശതമാനം പേർക്ക് (31,56,766) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 2,64,708 പേർക്കാണ് രണ്ടാം ഡോസ് എടുക്കാനായത്.

18 മുതൽ 45 വയസ് പ്രായമുള്ളവരിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അനുബന്ധ രോഗങ്ങളുള്ളവർക്കുമാണ് വാക്‌സിനേഷൻ നൽകിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ജൂൺ 21-ാം തീയതി മുതലാണ് 18 മുതൽ 45 വയസ് പ്രായമുള്ള എല്ലാവരും വാക്‌സിനേഷൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് (87,02,784) ഒന്നാം ഡോസും 39 ശതമാനം പേർക്ക് (44,45,142) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ സംബന്ധിക്കുന്ന വിവരങ്ങൾ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ബുള്ളറ്റിൻ ലഭ്യമാണ്. ഈ ബുള്ളറ്റിൻ എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ നൽകിയത്. ഇതുപോലെ 18-ാം തീയതി മുതൽ 24-ാം തീയതി വരെയുള്ള ഒരാഴ്ച ആകെ 18 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും, ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും, വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും, വെള്ളിയാഴ്ച 2.66 ലക്ഷം പേർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് (2021 ജൂലൈ 24) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയത്. 4.88 ലക്ഷം പേർക്കാണ് ഒരു ദിവസം കൊണ്ട് വാക്‌സിൻ നൽകിയത്. ഇതോടെ ഒരു ദിവസം നാലര ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ച 1.26 ലക്ഷം പേർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്.

പ്രസ്തുത കണക്കിൽ സ്വകാര്യ ആശുപത്രികൾ, വാക്‌സിൻ കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങി വാക്‌സിനേഷൻ നടത്തുന്ന കണക്കുകൾ കൂടി ഉൾപ്പെടും.

കേരളം വളരെ കാര്യക്ഷമമായാണ് വാക്‌സിൻ നൽകുന്നത്. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കാര്യമാണ്. വാക്‌സിൻ സംസ്ഥാനത്തെത്തിയാൽ എത്രയും വേഗം താഴെതട്ടിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്.

കുറഞ്ഞ അളവിൽ വാക്‌സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ല. കിട്ടുന്ന വാക്‌സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്‌സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നത്. കേന്ദ്ര സർക്കാർ കൂടുതൽ വാക്‌സിൻ ഒരുമിച്ച് അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്‌സിനേഷൻ അനിശ്ചിതത്തിലാകും.

സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്‌സിനാണ് ലഭ്യമായത്. പ്രതിദിനം 1200 ലധികം കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ സർക്കാർക്കാർ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് അകെ നൽകിയ വാക്‌സിനുകളിൽ 52 ശതമാനം സ്ത്രീകൾക്കും 48 ശതമാനം പുരുഷന്മാർക്കും ആണ് ലഭ്യമായത്.

സംസ്ഥാനത്തെ ഗർഭിണികൾക്കും കോവിഡ്-19 വാക്‌സിൻ നൽകി വരുന്നു. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചത്. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന കോവീഷീൽഡോ, കോവാക്‌സിനോ ഇവർക്ക് ഇഷ്ടാനുസരണം സ്വീകരിക്കാവുന്നതാണ്. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിൻ സ്വീകരിക്കാം. ഇതുകൂടാതെ മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്‌സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളിൽ പോകുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ നൽകി വരുന്നു.

ട്രൈബൽ വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ജില്ലകളിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതുവരെ 18 വയസിന് മുകളിലുള്ള ട്രൈബൽ വിഭാഗത്തിൽ 59 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. രണ്ടാം ഡോസ് 10 ശതമാനം പേർക്കും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തുള്ള വയോജന കേന്ദ്രങ്ങളിലെ 97 ശതമാനം അന്തേവാസികൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. 25 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ വിവിധ ജില്ലകളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ കിടപ്പ് രോഗികൾക്ക് അവരുടെ വീടുകളിൽ പോയി വാക്‌സിനേഷൻ നൽകിവരുന്നു. ദേശീയതലത്തിൽ ഇത് ശ്രദ്ധനേടുകയും പല സംസ്ഥാനങ്ങളും പിന്തുടരുകയും ചെയ്തു.

സംസ്ഥാനത്ത് സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെ വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാനായി വേവ്: ‘വാക്‌സിൻ സമത്വത്തിനായി മുന്നേറാം’ എന്ന പേരിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ആശാവർക്കാർമാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. വാർഡ് തലത്തിലാണ് രജിസ്‌ട്രേഷൻ പ്രക്രിയ പ്രവർത്തിക്കുന്നത്.

ഓരോ പഞ്ചായത്തിലും ആശാവർക്കർമാർ ആ പ്രദേശത്ത് വാക്‌സിൻ കിട്ടാതെ പോയ ആൾക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആ വാർഡിൽ വാക്‌സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കാർമാർ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്‌മാർട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കും.

സംസ്ഥാനത്തെ വാക്‌സിനേഷന്റെ സുഗമായ നടത്തിപ്പിനായി ബഹു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അവലോകനം ചെയ്യുന്നു. ഇങ്ങനെ വളരെ ശാസ്ത്രീയമായും ഏറ്റവും മികച്ച രീതിയിലുമാണ് കേരളത്തിൽ വാക്‌സിനേഷൻ നടക്കുന്നത് – മന്ത്രി പറഞ്ഞു.