ദുബായ് സ്വകാര്യമേഖലകളിൽ സ്വദേശിവത്കരണത്തിന് നടപടി ആരംഭിച്ചു

0
35

 

സ്വകാര്യമേഖലകളിലെ സ്വദേശിവത്കരണം നടപ്പാക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളിൽ ഇമിറാത്തികളുടെ പങ്കാളിത്തം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതിന് ഇമിറാത്തി ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് കൗൺസിൽ എന്ന സർക്കാർ വകുപ്പിനും രൂപം നൽകി.

സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിലും കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ കൗൺസിൽ രൂപവത്കരണത്തിന് ഉത്തരവിട്ടത്.

വികസന പ്രക്രിയയുടെ വേഗം വർധിപ്പിക്കുക, ഇമിറാത്തി മാനവവിഭവശേഷി വികസന സംവിധാനം നവീകരിക്കുക, സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളിൽ ഇമിറാത്തികളുടെ പങ്കാളിത്തം ഉയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കൗൺസിലിൽ പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളാകും.

ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗൺസിൽ ചെയർമാനെയും അംഗങ്ങളെയും പ്രഖ്യാപിച്ചു.
ഇമിറാത്തി മാനവ വിഭവശേഷി വികസിപ്പിക്കാനും സ്വദേശിവത്കരണ നിരക്ക് ഉയർത്താനും പദ്ധതികളും തന്ത്രങ്ങളും ആസൂത്രണം ചെയ്യാനുമുള്ള അധികാരം ഇനി ദുബായ് സർക്കാർ മാനവവിഭവശേഷി വകുപ്പിനായിരിക്കും.