മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം

0
80

 

ടോക്കിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം. വാർത്താകുറിപ്പിലൂടെയാണ് മണിപ്പൂർ സർക്കാർ ഇക്കാര്യം അറിയിച്ചത്.

റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ ആയിരുന്നു ചാനു. കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പുനൽകിയിരുന്നു. ഒരു കോടി രൂപ പാരിതോഷികം നൽകാനും മണിപ്പൂർ സർക്കാർ തീരുമാനിച്ചു. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡൽ നേടിയത്.

മീരാബായ് ചാനുവിൻ്റെ മെഡൽ സ്വർണം ആവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പരാജയപ്പെട്ടാൽ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.