സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
48

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മീന്‍ പിടിക്കാന്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റന്നാള്‍ വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ഇരുപത്തിനാലു മണിക്കൂറിനകം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയില്‍ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.