രാഷ്ട്രീയ പാപ്പരത്തത്തിൽ നിന്നും ഉരുത്തിരിയുന്ന ദുരന്ത നാടകം

0
22

യഥാർത്ഥത്തിൽ കെ കെ രമ പയറ്റുന്നതെന്താണ്. അന്ധമായ സിപിഐ എം വിരോധവും വിദ്വേഷവും കൊണ്ടുനടക്കുന്നതിനാൽ എന്തും വിളിച്ചുപറയുമെന്ന മാനസികാവസ്ഥയിൽ എത്തിനിൽക്കുകയാണോ അവർ. സിപിഐ എമ്മിനെതിരെ പറഞ്ഞാൽ നല്ല മാധ്യമ ശ്രദ്ധ കിട്ടും എന്നുള്ളതുകൊണ്ടാകാം ഏറ്റവുമൊടുവിൽ ഒരു ക്വട്ടേഷൻ കഥയുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഷംസീറിനെതിരെ പറഞ്ഞാൽ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തു എന്നൊക്കെയാണ് അവർ ആവർത്തിക്കുന്നത്. ക്വട്ടേഷൻ കൊടുക്കുന്ന ആളുകളുടെ പേര് സാധാരണഗതിയിൽ ആരും പറയരും അരിയാരും ഇല്ല. എന്നാൽ, വടകര എംഎൽഎ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിൽ ക്വട്ടേഷൻ കൊടുക്കുന്ന ആളുടെ അടക്കം പേര് പറയുന്നുണ്ട്. പരിഹാസ്യം എന്നല്ലാതെ എന്ത് പറയാൻ. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു ക്വട്ടേഷൻ കൊടുക്കുന്നത്. പാർട്ടി പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടാണ് ടിപിയെ കൊന്നതെന്നും ഷംസീറും പി ജയരാജനുമാണ് ക്വട്ടേഷന്‍ നൽകിയതെന്നുവരെ എംഎൽഎ കണ്ടെത്തിയിരിക്കുന്നു. ടിപിയെ 51 വെട്ടിനാണ് കൊന്നതെങ്കില്‍ വേണുവിനെ 100 വെട്ടിനു കൊല്ലുമെന്നും ഭീഷണിക്കത്തിൽ ഉള്ളതായും അവർ ആരോപണം ഉന്നയിക്കുന്നുണ്ട്.