പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കവളപ്പാറയിൽ ലീഗിന്റെ ഭൂമി തട്ടിപ്പ്

0
195

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് നൽകുന്നതിന് എന്ന പേരിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ഭൂമി ഇനിയും വിതരണം ചെയ്തിട്ടില്ല. പോത്തുകല്ല് പഞ്ചായത്തിലെ കോടാലിപൊയിൽ, വെളുമ്പിയം പാടം,പൂളപ്പാടം എന്നിവിടങ്ങളിലാണ് ഭൂമി വാങ്ങിയത്. ദുരന്ത ബാധിതരായ അൻപത് കുടുംബങ്ങൾക്ക് വിതരണ ചെയ്യാൻ എന്ന പേരിലാണ് ഭൂമി വാങ്ങിയത്.

വിദേശത്ത് നിന്നുൾപ്പെടെ ഇതിനായി പണം സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. 2020 നവംബറിൽ മൂന്നേക്കറിൽ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നു വാർത്താസമ്മേളനം നടത്തി ലീഗ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കി ആധാരം കൈമാറുമെന്നും ലീഗ് ജില്ലാ നേതൃത്വം വ്യ്കതമാക്കിയിരുന്നു. എന്നാൽ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ് ഇപ്പോൾ.

വാഗ്ദാനങ്ങൾ എല്ലാം വെള്ളത്തിലായി എന്ന് മനസിലായതോടെ ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കളുൾപ്പടെ രംഗത്ത് വന്നു. ഭൂമി വാങ്ങുന്നതിനായി പിരിച്ച പൈസയുടെ കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തി വാൻ തട്ടിപ്പാണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. അതേസമയം പ്രവർത്തകർ കൂട്ടത്തോടെ രാജി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെളുമ്പിയപാടത്തെ സ്ഥലം പത്ത് ദിവസങ്ങൾക്ക് മുന്നേ അർഹരായവർക്ക് പതിച്ചു നൽകി.

കവളപ്പാറ ദുരന്തത്തിന് ഇരയായ ഒരാൾക്കും ഇവിടെ സ്ഥലം രെജിസ്റ്റർ ചെയ്തു നൽകിയില്ല എന്നതാണ് വസ്തുത. വെളുമ്പിയപ്പാടത്തും, കോടാലിപൊയിലും കാട്ടാനശല്യം രൂക്ഷമാണെന്നും ലീഗ് വാങ്ങിയ സ്ഥാലം വാസയോഗ്യമല്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. അതേസമയം കവളപ്പാറ ദുരന്തത്തിന് ഇരയായ എല്ലാവർക്കും സർക്കാർ പുനരധിവാസം ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്.