കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസനം; തൊണ്ണൂറ് ശതമാനം ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി

0
64

കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് അവസാനഘട്ടത്തിലേക്ക്‌. ആവശ്യമായ 117 ഹെക്ടറില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഇനി പത്ത്‌ ഹെക്ടറേ ബാക്കിയുള്ളൂ. അതേസമയം ഒന്നേകാല്‍ ഹെക്ടറിലെ ഫണ്ട്‌ കൂടി ലഭിക്കാനുണ്ട്‌.

രേഖയില്ലാത്തതും അവകാശത്തര്‍ക്കമുള്ളതുമായ സ്ഥലം നോട്ടീസ്‌ നല്‍കി ഏറ്റെടുക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ അറിയിച്ചു. രേഖ ഹാജരാക്കിയാലുടന്‍ അവകാശികള്‍ക്ക്‌ തുക അനുവദിക്കും. തര്‍ക്കമുള്ള സ്ഥലത്തിന്റെ തുക കോടതിയില്‍ കെട്ടിവച്ച്‌ തുടര്‍നടപടി സ്വീകരിക്കും.സ്ഥലം വിട്ടുകൊടുക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കും.

അതേസമയം ദേശീയപാത വികസനത്തിന്റെ ആദ്യപടിയായി തളിപ്പറമ്പ്-നീലേശ്വരം സെക്‌ഷനില്‍ ഭൂമി ഏറ്റെടുത്ത സ്ഥലത്തെ മരം മുറിക്കല്‍ തുടങ്ങി. ഹൈദരാബാദ്‌ ആസ്ഥാനമായ മേഘ എന്‍ജിനിയറിങ്‌ ആന്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ ആണ്‌ പ്രവൃത്തി കരാറെടുത്തത്‌.

തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട്‌ വരെയുള്ള സെക്‌ഷന്‍ പ്രവൃത്തി ഏറ്റെടുത്തത്‌ ഹൈദരാബാദ്‌ ആസ്ഥാനമായ വിശ്വാസമുദ്ര എന്‍ജിനിയറിങ്ങാണ്. മാഹി ബൈപാസില്‍ പുഴകള്‍ക്ക്‌ കുറുകെ നാല്‌ പാലങ്ങളും ഒരു റെയില്‍വേ മേല്‍പാലവും നിര്‍മാണഘട്ടത്തിലാണ്.