കല്‍പ്പറ്റയില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
16

വയനാട് കല്‍പ്പറ്റയില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മടക്കിമലയില്‍ താമസിക്കുന്ന അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൂട്ടുപോകണമെന്ന് പറഞ്ഞ് ഞായറാഴ്ച മഞ്ജു ഭര്‍തൃവീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു.

കോഴിക്കോട് എത്തിയെന്നും മുറിയെടുത്ത് താമസിക്കുകയാണെന്നും ഭര്‍ത്താവ് സതീഷിനെ മഞ്ജു വിളിച്ചറിയിച്ചിരുന്നു. തിങ്കളാഴ്ച അമ്മയുമായി ഡോക്ടറെ കാണുമെന്നും ഉച്ചയോടെ തന്നെ മടങ്ങുമെന്നും അറിയിച്ചിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് യുവതിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് സതീഷ് മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈഗ, വേദിക എന്നിവരാണ് മഞ്ജുവിന്റെ മക്കള്‍.