ഏതു സംരംഭകർക്കും നിയമാനുസൃതം വ്യവസായം നടത്തുന്നതിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ടു മനസിലാക്കുന്നതിനായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വ നിക്ഷേപവും ഉത്തരവാദിത്വ വ്യവസായവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് നിയമങ്ങൾ ബാധകമല്ലെന്ന് പറയാനാവില്ല. നിലവിലെ ചട്ടങ്ങളിലും നിയമങ്ങളും കാലഹരണപ്പെട്ടതോ സങ്കീർണമോ അപ്രസക്തമോ ആണെങ്കിൽ അക്കാര്യം സർക്കാർ നിയോഗിച്ചിരിക്കുന്ന മൂന്നംഗ കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്താം. ഇത്തരം കാര്യങ്ങൾ പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധ്യമായ എല്ലാ മാറ്റങ്ങളും വരുത്തും.
വ്യവസായ സമൂഹത്തിന്റെ നിർദേശങ്ങളോടും അഭിപ്രായങ്ങളോടും വിമർശനങ്ങളോടും സർക്കാർ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ പ്രധാന ചുമതല മറ്റു വകുപ്പുകൾക്കാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പരാതികൾ വ്യവസായ വകുപ്പിനു മുന്നിലാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാറ്റിറ്റ്യൂട്ടറി ഗ്രിവൻസ് അഡ്രസ് മെക്കാനിസം നടപ്പാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്.
വ്യവസായത്തിന്റെ നടത്തിപ്പ്, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് നിയമാനുസൃതം ലഭിക്കേണ്ട അനുമതികളുടെ കാര്യത്തിൽ തീർപ്പു കൽപ്പിക്കുന്നതിനുള്ള ഈ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ബില്ല് നിയമസഭയിൽ ഉടൻ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കാലഹരണപ്പെട്ട നിയമങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള ബില്ലും ഉടൻ കൊണ്ടുവരാനാകുമെന്ന് കരുതുന്നു.
വ്യവസായ സ്ഥാപനങ്ങളിൽ ഓരോ വകുപ്പുകളും വേറിട്ട് പരിശോധനകൾ നടത്തുന്ന സ്ഥിതി ഒഴിവാക്കി കേന്ദ്രീകൃത പരിശോധനയ്ക്കുള്ള ഓൺലൈൻ സംവിധാനം ഓഗസ്റ്റ് മാസത്തോടെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി പാട്ടം സംബന്ധിച്ച നയങ്ങൾ ഏകീകരിക്കുന്നതു സംബന്ധിച്ച കരട് റിപ്പോർട്ടിൽ ചർച്ചകൾ നടന്നുവരികയാണ്.
സംരംഭകർക്ക് കൈത്താങ്ങായി പ്രവർത്തിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി പരിഹാര പരിപാടികളിൽ സമർപ്പിക്കപ്പെടുന്ന പരാതികളുടെ സ്ഥിതി അറിയാൻ വെബ് പോർട്ടൽ സജ്ജമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്-മന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.