ടിപിആര്‍ അടിസ്ഥാനമാക്കിയ ഇളവുകള്‍ ഇന്ന് മുതൽ ; കടകള്‍ രാത്രി 8 വരെ തുറക്കാം ,ശനി, ഞായര്‍ ലോക്‌ഡൗണ്‍ തുടരും

0
82

ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. എ, ബി, സി വിഭാഗങ്ങളിൽ ഇപ്പോൾ പ്രവർത്തനാനുമതിയുള്ള കടകൾ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി.

ശനി, ഞായർ ലോക്‌ഡൗൺ തുടരാൻ നേരത്തെ തീരുമാനിച്ചിരുന്നു. ബാങ്കുകളിൽ അഞ്ചു ദിവസവും ഇടപാടുകാർക്ക്‌ പ്രവേശനം അനുവദിക്കും. ശനിയാഴ്ച അവധിയായിരിക്കും.

മൈക്രോ കണ്ടെയിൻമെന്റ്‌ സോൺ നിശ്ചയിക്കുന്നതിലടക്കം രോഗ സ്ഥിരീകരണ നിരക്കും സാഹചര്യവും നോക്കി പ്രത്യേക നിയന്ത്രണങ്ങൾ  കലക്ടർമാർക്ക്‌ നടപ്പാക്കാം. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം തുടരും. എ, ബി മേഖലകളിലെ സർക്കാർ ഓഫിസുകളിൽ 100%  ജീവനക്കാരുമായി പ്രവർത്തിക്കാം. സി വിഭാഗത്തിൽ 50% മാത്രം.

എ, ബി വിഭാഗങ്ങളിലെ ഹോട്ടൽ, റസ്റ്റ‍റന്റ് എന്നിവിടങ്ങളിൽ ഹോം‍ ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ പ്രവർത്തനം രാത്രി 9.30 വരെ. എ, ബി വിഭാഗങ്ങളിലെ ഇൻഡോർ സ്പോർട്സ്, ജിംനേഷ്യങ്ങൾ എന്നിവ എസി ഉപയോഗിക്കാതെ ഒരു സമയം 20 പേർ മാത്രം വച്ച് പ്രവർത്തിക്കാം. വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറക്കാം.