കെ സുരേന്ദ്രന്റെ ചിട്ട് കീറും ; പുതിയ പ്രസിഡന്റിനായി സർവ്വേ

0
81

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പദവിയില്‍നിന്ന് നീക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വേയും ആരംഭിച്ചു.കൊടകര കുഴല്പണക്കടത്ത് കേസിൽ ബിജെപിയുടെ സാസംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അന്വേഷണസംഘം തൃശൂർ പോലീസ് ക്ലബ്ബിൽ ഇന്നലെ ചോദ്യം ചെയ്തിരുന്നു .

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും പാര്‍ടിക്ക് സംസ്ഥാനത്ത് വലിയ അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.സുരേന്ദ്രനുപകരം പരിവാര്‍ സംഘടനാ നേതാക്കളെ പ്രസിഡന്റാക്കി മുഖം രക്ഷിക്കാനാണ് കേന്ദ്രനീക്കം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൊണ്ടുവന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ സുരേന്ദ്രന് ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. സുരേന്ദ്രനെ തൃശൂരില്‍ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. തെളിവുകള്‍ സുരേന്ദ്രനിലേക്ക് നീളുകയും ചിലപ്പോൾ അറസ്റ്റ് ഉണ്ടാകുകയും ചെയ്യും അങ്ങനെ വന്നാൽ അത് പാര്‍ടിക്ക് വന്‍തിരിച്ചടിയാകുമെന്ന ഭയം ആണ് കേന്ദ്ര നേതൃത്വത്തിനുള്ളത് .

രാജ്യദ്രോഹത്തിന് സമാനമായ കുറ്റമാണ് സുരേന്ദ്രനുമേൽ ആരോപിക്കപ്പെടുന്നത്.ജൂലൈ രണ്ടിന്‌ ഹാജരാകാൻ നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. പിന്നീട്‌ വീണ്ടും നോട്ടീസ്‌ അയക്കുകയായിരുന്നു.കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു

മഞ്ചേശ്വരത്ത് അപരനെ മാറ്റാന്‍ രണ്ടുലക്ഷം രൂപയും സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് പത്തുലക്ഷംരൂപയും നല്‍കിയത് പാര്‍ടിക്ക് തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായിട്ടും ഒന്നില്‍പ്പോലും വിജയം കണ്ടില്ല. ലക്ഷങ്ങള്‍ ചെലവിട്ട് സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയത് അപഹാസ്യമായി. കുഴല്‍പ്പണ വിവാദംകൂടിയായതോടെ സുരേന്ദ്രനെ ഇനിയും ചുമക്കേണ്ട എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

നിലവിലെ സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരെ പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ സ്വാധീനമുള്ളവരെയും നോട്ടമിടുന്നു. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, ബിഎംഎസ് തുടങ്ങിയ ഉപസംഘടന നേതാക്കളെ പ്രസിഡന്റാക്കാനും നീക്കമുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച ഐഎഎസ്, ഐപിഎസ് നേതാക്കളെയും ലക്ഷ്യമിടുന്നു. ടി പി സെന്‍കുമാര്‍, സി വി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്.

ക്രിസ്ത്യന്‍ സമുദായത്തോട് ചായ്വുള്ളയാളെയും നേതൃത്വത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. ബിജെപിക്ക് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ ന്യൂനപക്ഷപിന്തുണ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആര്‍എസ്‌എസ് പിന്തുണയുള്ള കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കാന്‍ നിര്‍ദേശമുയര്‍ന്നെങ്കിലും കേന്ദ്രമന്ത്രി വി മുരളീധരനും ചില കേന്ദ്ര നേതാക്കള്‍ക്കും എതിര്‍പ്പാണ്.