കേസ് സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര, നീതിക്കായി ഹൈക്കോടതിയിൽ ചരിത്ര പോരാട്ടം

0
33

കോൺവെന്റിൽ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടത് നിലനിൽക്കുന്ന കേസ് സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്.കേസില്‍ ഹാജരാവേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര തീരുമാനിച്ചത്. കോണ്‍വെന്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കി കീഴ്‌ക്കോടതി നല്‍കിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക ബാധ്യതയും തീരുമാനം എടുക്കാന്‍ കാരണമായെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിസഹായരായി സ്ത്രീകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്. എന്റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തില്‍ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയില്‍ തന്റെ നിലപാട് പറയുകയും ചെയ്യുകയാണ്. എന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായി’ – സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.